പാലക്കാട്: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ നിർമ്മിതി കേന്ദ്രത്തിന് കരാർ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും ഭൂമി രേഖയിൽ വരുമാനം കൃഷി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവ്യക്കെതിരെ വിജിലസിൽ പരാതി നൽകുമെന്നും ഷമ്മാസ് പറഞ്ഞു.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒട്ടുമിക്ക നിർമ്മാണ കരാറുകളെല്ലാം ലഭിച്ചിരിക്കുന്നത് കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്കാണ്. 10.47 കോടിയുടെ കരാറാണ് നൽകിയിരിക്കുന്നത്. കരാറുകളെല്ലാം നൽകിയത് നേരിട്ടാണ്. കളക്ടറാണ് നിർമ്മിതി കേന്ദ്ര ചെയർമാൻ. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ താൻ പ്രത്യേകിച്ച് ഒരു ആരോപണം ഉന്നയിക്കേണ്ടതില്ലല്ലോയെന്നും ഷമ്മാസ് പറയുന്നു.
നിർമ്മിതി കേന്ദ്ര നേരിട്ടല്ല പ്രവർത്തികൾ നടത്തുന്നതെന്നും പി പി ദിവ്യയുടെ ബിനാമി കമ്പനിയായ ‘കാർട്ടൻ ഇന്ത്യ അലയൻസ് ആണ് നിർമിതി കേന്ദ്രയ്ക്ക് നൽകിയ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. അരുൺ കെ വിജയൻ കളക്ടർ ആയ ശേഷം മാത്രം 5.25 കോടിയുടെ കരാർ നൽകിയതിൽ സംശയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.