കൽപറ്റ: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തിൽ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.
വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.
കാടിനോട് ചേർന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകൾ കാണുന്നുണ്ടെന്നും സ്ഥലത്തുള്ളവർ പറയുന്നു. ഇനി വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്ഥിരീകരിക്കേണ്ടതുണ്ട്. സാധാരണഗതിയിൽ കടുവയുടെ സാന്നിധ്യമുള്ള പ്രദേശമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.