തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തൃശ്ശൂര്‍ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കി.മകനെ മനപൂര്‍വ്വം മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. മകനോട് ജയില്‍ അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു.
ജയിലിന് മുന്നില്‍ നിന്നും റീല്‍ എടുത്തതല്ല. മറിച്ച് ഭാര്യയേയും സഹോദരിയേയും ആശ്വസിപ്പിക്കാന്‍ ആണ് വീഡിയോ ചിത്രീകരിച്ചതെന്നും കുടുംബം വിശദീകരിച്ചു.കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്റെ മുടി കഴിഞ്ഞ ദിവസമാണ് ജയില്‍ അധികൃതര്‍ മുറിച്ചത്. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വധശ്രമ കേസില്‍ റിമാന്‍ഡിലായി തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിയ യൂ ട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. അതേസമയം ജയിലിനകത്തെ അച്ചടക്കം കാക്കാനാണ് മുടി മുറിച്ചതെന്നാണ് വിയ്യൂര്‍ ജില്ലാ ജയില്‍ സുപ്രണ്ടിന്റെ റിപ്പോര്‍ട്ട്.
ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു.