പത്തനംതിട്ട : പതിനേഴുകാരിയുടെ മൊഴിപ്രകാരം 9 കേസുകൾ രജിസ്റ്റർ ചെയ്ത അടൂർ പോലീസ്, ഒരു കേസ് നൂറനാട് പോലീസിന് കൈമാറുകയും, നാല് കേസുകളിലായി 4 പേരെ പിടികൂടുകയും ചെയ്തു. ആകെ 8 പ്രതികളാണ് ഉള്ളതെന്നും,എല്ലാ പ്രതികളെയും എത്രയുംവേഗം അറസ്റ്റ് ചെയ്യുന്നതിന് നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്, ഇത് നൂറനാട് പോലീസിന് കൈമാറി. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും പിന്നീട് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അടൂർ പോലീസ് അന്വേഷിക്കുന്ന ആദ്യത്തെ 4 കേസുകളിലായാണ് 4 പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യരണ്ട് പേരെ ഇന്നലെ രാത്രിയും മറ്റുള്ളവരെ ഇന്നുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഏപ്രിലിൽ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25) എന്നിവർ ആദ്യം പിടിയിലായി. ഇവരെ ഇന്നലെ രാത്രി വീടുകളിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും കഴിഞ്ഞവർഷം സെപ്റ്റംബറിൽ അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിൽ വച്ച് പീഡിപ്പിക്കുകയും ചെയ്ത സച്ചിൻ കുറുപ്പ് (25),മറ്റൊരു കേസിലെ പ്രതി കൃഷ്ണാനന്ദ് (21) എന്നിവർ ഇന്ന് കസ്റ്റഡിയിലായി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെതുടർന്ന് ടീച്ചർ അന്വേഷിച്ചപ്പോൾ, കുട്ടിയുടെ നഗ്നഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിലെ വിഷമമാണ് കാരണമെന്ന് ബോധ്യപ്പെട്ടു. സ്കൂളിലെ കൗൺസിലർ മുഖാന്തിരം കാര്യങ്ങൾ മനസ്സിലാക്കിയ ടീച്ചർ, പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയും, തുടർന്ന് ശിശുക്ഷേമസമിതിക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്നാണ് അടൂർ പോലീസ് കുട്ടിയുടെ മൊഴികൾ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.