വാഷിങ്ടൻ ഡിസി: യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ളൈറ്റ് 613ൽ വ്യോമയാനത്തിനിടെയുണ്ടായ അപ്രതീക്ഷിതമായ കുലുക്കത്തെത്തുടർന്ന് ആറ് പേർക്ക് പരുക്ക്. സംഭവത്തെ തുടർന്ന് വിമാനം ലാഗോസിൽ അടിയന്തര ലാൻഡിങ് നടത്തി. 245 യാത്രക്കാരുമായി പറന്നുയർന്ന ബോയിങ് 7878 വിമാനം, സാങ്കേതിക തകരാറിനെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം ലാഗോസിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഫ്ളൈറ്റ് റഡാർ 24 ഡാറ്റ പ്രകാരം, പറന്നുയർന്ന് 93 മിനിറ്റിനുശേഷം വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതായി കാണിക്കുന്നു. വിമാനത്തിനുള്ളിൽ ഭക്ഷണവും ട്രേകളും വ്യക്തിഗത വസ്തുക്കളും ചിതറിക്കിടക്കുന്നതായി യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളിൽ കാണാം. നാല് യാത്രക്കാർക്കും രണ്ട് ഫ്ളൈറ്റ് അറ്റൻഡന്റുമാർക്കും നിസാര പരുക്കുകൾ സംഭവിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്ടെന്നുണ്ടായ കുലുക്കത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. കാരണം കണ്ടെത്താൻ യുണൈറ്റഡ് എയർലൈൻസ് അമേരിക്കയിലെയും നൈജീരിയയിലെയും വ്യോമയാന അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലാഗോസിൽ നിന്ന് വാഷിങ്ടണിലെ ഡുള്ളസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള അതേ യാത്രയിൽ ചൊവ്വാഴ്ചയും ഇതേ വിമാനം വഴിതിരിച്ചുവിട്ടിരുന്നു. ഫ്ളൈറ്റിൽ 89 മിനിറ്റ് കഴിഞ്ഞ് ഏകദേശം 1,000 അടി താഴേക്ക് പതിച്ച വിമാനം, ഘാനയിലെ അക്രയിലേക്ക് തിരിച്ചുവിടുകയായിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.