മനാമ: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താൻ ധാരണ. നിർദേശം ചൊവ്വാഴ്ച ചർച്ചക്ക് വെക്കുകയും വോട്ടിനിടുകയും ചെയ്യും. വിഷയവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിൽ ഉന്നയിച്ച കരട് നിരവധി പുനരവലോകനങ്ങൾക്ക് വിധേയമായി. ശേഷം 2024 ജനുവരിയിലാണ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകിയത്.
നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടിരുന്നു. എന്നാൽ ശൂറ കൗൺസിൽ എതിർത്ത നിർദേശം നികുതി നടപ്പാക്കിയില്ലെങ്കിൽ രാജ്യത്തെ സ്ഥിരതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വോട്ടിനിടുന്നത്. അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് തിരിച്ചടിയാകുമെന്നും ഇത് അനധികൃത കൈമാറ്റങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കലിനും ഇടയാക്കാൻ സാധ്യതയുണ്ടെന്നും ശൂറ കൗൺസിൽ സാമ്പത്തിക കാര്യ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഈ ആശങ്കകൾ നിലനിൽക്കുമ്പോഴും പാർലമെന്റ് ബിൽ പാസാക്കാനുള്ള തീരുമാനത്തിലാണ്.
ഒരു പ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ട് ശതമാനം ലെവി ചുമത്താനാണ് നീക്കം. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടിരുന്നത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ലെവിയെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.