ബെയ്ജിങ്: ഭിന്നതകൾ ഉചിതമായ രീതിയിൽ പരിഹരിച്ച് ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ മെച്ചപ്പെടുത്താൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ദ്വിദിന ചൈന സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി സൺ വീഡോങ്ങുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തിെന്റ പശ്ചാത്തലത്തിൽ വഷളായ പരസ്പര ബന്ധം സമീപനാളുകളിൽ മെച്ചപ്പെട്ടുവരുന്നതിെന്റ തുടർച്ചയാണ് പുതിയ തീരുമാനം.
കഴിഞ്ഞവർഷം റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തിൽ സഹകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ പടിയായി ചൈനയിലെ തിബറ്റൻ സ്വയംഭരണ മേഖലയിലെ കൈലാസ് മാനസസരോവറിലേക്കുള്ള തീർഥാടനം പുനരാരംഭിക്കാൻ തീരുമാനമായി.
ഇതിനുള്ള തയാറെടുപ്പുകളെക്കുറിച്ച് ഇരുകൂട്ടരും എത്രയും വേഗം ചർച്ച നടത്തും. അഞ്ചുവർഷത്തെ ഇടവേളക്കുശേഷം വിമാന സർവിസ് പുനരാരംഭിക്കാനുള്ള തീരുമാനമാണ് ചർച്ചയുടെ മറ്റൊരു പ്രധാനഫലം. കോവിഡ് കാലത്ത് നിർത്തിവെച്ച വിമാന സർവിസ്, കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തിെന്റ പശ്ചാത്തലത്തിൽ പുനരാരംഭിക്കുന്നത് നീളുകയായിരുന്നു.
മാധ്യമങ്ങൾ, ആശയ വിദഗ്ധർ എന്നിവരുടെ സഹകരണത്തിനും ചർച്ചയിൽ ധാരണയായി. രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ചൈനയിലും തിരിച്ചും ബ്യൂറോകൾ തുറക്കുന്നതിന് ഈ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇന്ത്യൻ വാർത്ത ഏജൻസിയായ പി.ടി.ഐയുടെ ബ്യൂറോ പ്രവർത്തിക്കാൻ മാത്രമാണ് ചൈന അനുമതി നൽകിയിട്ടുള്ളത്.
ഷാങ്ഹായ് സഹകരണ സംഘടനയുടെ ഈ വർഷത്തെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചൈനക്ക് ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പരസ്പര വിശ്വാസവും ധാരണയും വളർത്തുന്നതിന് വിവിധ തലങ്ങളിൽ ഉഭയകക്ഷി ചർച്ചകൾക്കും തീരുമാനമായി. ഇരുരാജ്യങ്ങളിലൂടെയും ഒഴുകുന്ന നദികളുടെ കാര്യത്തിൽ കൂടുതൽ സഹകരണത്തിനും ധാരണയായി. ഇതിനായി വിദഗ്ധ സമിതി യോഗം ഉടൻ ചേരും.