വാഷിങ്ടൻ:യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണു നീക്കം. പെന്റഗണിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഇതുസംബന്ധിച്ച ഉത്തരവ് നൽകുമെന്നു ട്രംപ് പറഞ്ഞു. ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലാണ് അതിസുരക്ഷാ ജയിൽ. ഭീകരരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ യുഎസ് തുടരുകയാണ്.
“ഗ്വാണ്ടനാമോയിൽ 30,000 കുടിയേറ്റക്കാരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാൻ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകൾക്ക് നിർദേശം നൽകാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയാണ്. അമേരിക്കൻ ജനതയ്ക്കു ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കാൻ ഈ സൗകര്യം ഉപയോഗിക്കും. അവരിൽ ചിലർ വളരെ മോശമാണ്, അവരുടെ രാജ്യങ്ങൾപോലും സ്വീകരിക്കില്ല. അവർ തിരിച്ചുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നത്’’– ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.
അതിക്രൂരമായ തീരുമാനമാണു ട്രംപിന്റേതെന്നു ക്യൂബ പ്രതികരിച്ചു. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്നു വിദേശ ഭീകരരെന്നു സംശയിക്കുന്നവരെ തടങ്കലിൽ വയ്ക്കാനാണ് 2002ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ് ഗ്വാണ്ടനാമോയിൽ ജയിൽ തുറന്നത്. നിലവിൽ 15 തടവുകാരുണ്ട്. ഭീകരർക്കുള്ള ജയിലറകളിൽനിന്നു വ്യത്യസ്തമായാണു കുടിയേറ്റക്കാർക്കു സൗകര്യം ഒരുക്കുകയെന്നാണു റിപ്പോർട്ട്.