അജു വാരിക്കാട്
ഹൂസ്റ്റൺ, ടെക്സാസ് : ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ നോൺ പ്രോഫിറ്റ് സംഘടനയായ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ, സംഘടനയുടെ 10-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിന്റെ പ്രഖ്യാപനം നടത്തി. പ്രസിഡന്റ് വിനയൻ മാത്യു ജനുവരി 25 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫിൽ ഫിലാ ബാർ ആൻഡ് റെസ്റ്റോറന്റിൽ വെച്ചു നടന്ന കിക്ക് ഓഫ് ചടങ്ങിന് മുമ്പായി നടന്ന പ്രസ് മീറ്റിലാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്റർ പ്രസ് മീറ്റിന് നേതൃത്വം നൽകി.
ടൂർണമെന്റിന്റെ പ്രത്യേകതകളും കൂടുതൽ വിവരങ്ങളും:
മാർച്ച് 14, 15, 16 തീയതികളിൽ നടക്കുന്ന ഈ ടൂർണമെന്റ്, ആദ്യമായി അന്താരാഷ്ട്ര തലത്തിലേക്ക് എത്തപ്പെടുന്ന മലയാളി ക്രിക്കറ്റ് ടൂർണമെന്റായി ചരിത്രത്തിൽ ഇടം പിടിക്കും. അമേരിക്കയിൽ നിന്നുള്ള 16 ടീമുകളും കാനഡയിൽ നിന്നുള്ള 2 ടീമുകളും പങ്കെടുക്കുന്ന ഈ ടൂർണമെന്റിന് ഹൂസ്റ്റണിലെ 11 പ്രധാന ക്രിക്കറ്റ് ഗ്രൗണ്ടുകൾ വേദിയായിരിക്കും.
വിജയികൾക്ക് $5,000 സമ്മാനവും, റണ്ണേഴ്സ്പ്പുകൾക്ക് $2,500 സമ്മാനവുമാണ് പ്രഖ്യാപിച്ചത്.
കിക്ക് ഓഫ് പ്രോഗ്രാമിലെ പ്രധാന ചടങ്ങുകൾ
കിക്ക് ഓഫ് പ്രോഗ്രാം പ്രേമദാസ് മമ്മഴിയിൽ സ്വാഗതം പറയുകയും, മിഖായേൽ ജോയ് ചടങ്ങിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. തുടർന്ന് വിനയൻ മാത്യു പരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ബിജേഷ് ജോൺ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ, അരുൺ ജോസ് പുതിയ ജേഴ്സി പ്രകാശനം ചെയ്തു.
ഫോർട്ട് ബെൻഡ് കൗണ്ടി പ്രസിൻട് 3 പോലീസ് ക്യാപ്റ്റനായ മനോജ് പൂപ്പാറയിലിനെ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ആദരിച്ചു. ജഡ്ജ് ജൂലി മാത്യു അദ്ദേഹത്തിന് ഫലകം കൈമാറി.
ടൂർണമെന്റിന്റെ ആദ്യ കൂപ്പൺ വില്പന ശ്രീജിത്ത് പറമ്പിൽ, ഫോമ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേലിന് നൽകി നിർവഹിച്ചു.
ഹൂസ്റ്റണിലെ പ്രമുഖ വ്യക്തിത്വങ്ങളായ ജഡ്ജ് ജൂലി മാത്യു, ബേബി മണക്കുന്നേൽ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (MAGH) വൈസ് പ്രസിഡന്റ് മാത്യുസ് ചാണ്ടപ്പിള്ള, ട്രഷറര് സുജിത് ചാക്കോ, പി അർ ഓ ജോൺ വർഗീസ്, ജോയിന്റ് സെക്രട്ടറി ക്രിസ്റ്റോഫർ ജോർജ്, IPCNA ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ജീമോൻ റാന്നി, സെക്രട്ടറി മോട്ടി മാത്യു , സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോർജ് ജോസഫ്, ഫോമ റീജിയണൽ വിമൻസ് സെക്രട്ടറി ആൻസി സാമൂൽ, ഫൊക്കാന നാഷണൽ വിമൻസ് ചെയർ ഷീല ചെറു തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
“ഈ ടൂർണമെന്റ് യുഎസിൽ ഇതുവരെ നടന്ന ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ടൂർണമെന്റ് ആയിരിക്കും,” എന്ന് വിനയൻ മാത്യു പറഞ്ഞു. മിഖായേൽ ജോയ്, ഹൂസ്റ്റൺ ടീമിന്റെ വിജയ പ്രതീക്ഷയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ, “കപ്പ് ഇത്തവണ ഹൂസ്റ്റണിൽ തന്നെ നിലനിൽക്കും,” എന്ന് അവകാശപെട്ടു.
ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരെയും സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ, ഈ ടൂർണമെന്റിൽ സജീവമായി പങ്കാളിയാകുവാൻ ക്ഷണം നൽകിയിട്ടുണ്ട്.
അജു വാരിക്കാട്
(സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ മീഡിയ)