വാഷിങ്ടൻ : യുഎസിലുള്ള കുടിയേറ്റക്കാരെ തിരച്ചയയ്ക്കാൻ 18–ാം നൂറ്റാണ്ടിലെ നിയമമായ ‘ഏലിയൻസ് എനിമി ആക്ട്’ തിരിച്ചുകൊണ്ടുവരാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരിൽ ക്രിമിനൽ ഗ്യാങ് അംഗങ്ങൾ എന്നു സംശയിക്കുന്നവരെ കോടതി നടപടികൾക്കൊന്നും കാക്കാതെ തിരിച്ചുവിടാൻ അധികാരം നൽകുന്ന നിയമമാണ് ഇത്. രണ്ടാം ലോകയുദ്ധകാലത്താണ് ഇത് അവസാനമായി യുഎസിൽ ഉപയോഗിച്ചത്. അനധികൃത കുടിയേറ്റത്തിനെതിരായി ട്രംപ് ശക്തമായ നടപടികൾക്കു രൂപം നൽകിക്കൊണ്ടിരിക്കുകയാണ്.
കൂട്ടമായുള്ള തിരിച്ചയയ്ക്കലിനെ സഹായിക്കാൻ സൈന്യത്തിനു നിർദേശമുണ്ട്. സ്കൂളുകളിൽ നിന്നും പള്ളികളിൽനിന്നും ആശുപത്രികളിൽനിന്നും പോലും അറസ്റ്റ് നടത്താൻ ഇമിഗ്രേഷൻ അധികൃതർക്ക് കൂടുതൽ അധികാരവും നൽകിയിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ നീക്കത്തെ സാമൂഹിക പ്രവർത്തകർ ശക്തമായി എതിർക്കുന്നു. യുദ്ധസമയത്തുണ്ടാക്കിയ നിയമം സമാധാനകാലത്ത് ഉപയോഗിക്കുന്നതിലെ വൈരുധ്യം അവർ ചൂണ്ടിക്കാട്ടി.



