മനില: ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർട്ടിനെ ജനപ്രതിനിധിസഭ ഇംപീച്ചുചെയ്തു. ഭരണഘടനാലംഘനം, വിശ്വാസവഞ്ചന, അഴിമതി, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ചാണ് ഇംപീച്ച്‌മെൻറ്.
നിയമസഭാംഗങ്ങൾ, സാറയുമായി കടുത്ത എതിർപ്പുള്ള സഖ്യകക്ഷികൾ എന്നിങ്ങനെ 215 പേർ നിവേദനത്തിൽ ഒപ്പിട്ടതായി ജനപ്രതിനിധിസഭ സെക്രട്ടറി ജനറൽ റെജിനാൾഡ് വെലാസ്കോ പറഞ്ഞു.
മതിയായ അംഗീകാരത്തോടെ, ഇംപീച്ച്‌മെൻറ് പരാതി സെനറ്റിലേക്ക് കൈമാറാൻ ഉത്തരവിട്ടു. വിവിധപ്രശ്നങ്ങളുടെ പേരിൽ സാറയിതുവരെ നാല് ഇംപീച്ച്‌മെൻറ് പരാതികൾ നേരിട്ടിട്ടുണ്ട്.
കഴിഞ്ഞവർഷം പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയറിന്റെ തലവെട്ടുമെന്ന് സാറ വധഭീഷണിമുഴക്കിയിരുന്നു. താൻ കൊല്ലപ്പെട്ടാൽ പ്രസിഡന്റ്, ഭാര്യ ലിസ, ബന്ധുവും സ്പീക്കറുമായ മാർട്ടൻ റോമുൽദെസ് എന്നിവരെ കൊല്ലുമെന്നായിരുന്നു ഭീഷണി.
പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വെവ്വേറെയാണ് ഫിലിപ്പീൻസിൽ തിരഞ്ഞെടുക്കുന്നത്. 2022-ലാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, പലവിഷയങ്ങളിൽ രണ്ടുപേരും തമ്മിൽ തെറ്റി. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പ്രധാന ഭിന്നത.



