ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിലെ സേവനങ്ങൾ സ്വകാര്യ ഏജൻസി വഴിയാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം. സേവനങ്ങൾ ഔട്‌സോഴ്‌സ് ചെയ്യുന്നതിന് സ്വകാര്യ ഏജൻസികളിൽ നിന്നും ഇന്ത്യൻ എംബസി ടെൻഡർ ക്ഷണിച്ചു. വിവിധ കോൺസുലാർ സേവനങ്ങൾ, പാസ്‌പോർട്ട് പുതുക്കലും അനുവദിക്കലും, വിസ, അറ്റസ്റ്റേഷൻ, പൊലീസ് ക്ലിയറൻസ് ഉൾപ്പെടെ എംബസി നൽകി വരുന്ന സേവനങ്ങളാണ് സ്വകാര്യ ഏജൻസികൾ വഴിയാക്കി മാറ്റുന്നത്. പ്രവാസികൾക്കായുള്ള കോൺസുലാർ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ഏജൻസികൾ വഴിയാക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യൻ അംബാസഡർ വിപുൽ അറിയിച്ചിരുന്നു. അതിന്റെ തടുർച്ചയുടെ ഭാഗമായാണ് ടെൻഡർ ക്ഷണിച്ചത്.
എംബസി വെബ്‌സൈറ്റിൽ ടെൻഡർ സംബന്ധിച്ച മാർഗനിർദേശങ്ങളും വിശാദംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോൺസുലാർ സേവന മേഖലയിൽ പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ദാതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുകയാണ് പുറംകരാർ സംരംഭം വഴി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി. യോഗ്യരായവർക്ക് മാർച്ച് 10ന് മുമ്പായി ബിഡ് സമർപ്പിക്കാം. ഏപ്രിൽ രണ്ടിന് ബിഡ് പ്രഖ്യാപിക്കും.