ഡല്‍ഹി: നീണ്ട 27 വര്‍ഷത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് വ്യക്തമായ ആധിപത്യം പുലര്‍ത്തി ബിജെപി. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 30 സീറ്റുകളിലാണ് ഭരകക്ഷിയായ ആം ആദ്മി മുന്നില്‍ നില്‍ക്കുന്നത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ കോണ്‍ഗ്രസ് അമ്പേ തകര്‍ന്ന കാഴ്ചയാണ് കാണുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. രാജ്യതലസ്ഥാനത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇതുവരെയുള്ള ഫലങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമാണ്, പക്ഷേ അന്തിമഫലത്തിനായി ഞങ്ങൾ കാത്തിരിക്കും.” കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം സച്ച്ദേവ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡൽഹിയിൽ ബിജെപി ഇരട്ട എൻജിൻ സർക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മദ്യനയ വിവാദങ്ങൾ, മാലിന്യപ്രശ്നം, അഴിമതി തുടങ്ങിയ ഡൽഹിക്കാരെ ബാധിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സച്ച്ദേവ് പറഞ്ഞു.