പതിനാലുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസിൽ അമ്മ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
പത്തനംതിട്ട : പതിനാലുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന അമ്മയും ആൺ സുഹൃത്തും പത്തനംതിട്ട പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പിടിയിലായി. റാന്നി അങ്ങാടിക്കൽ ഉന്നക്കാവ് പള്ളിനടയിൽ ജയ്മോൻ (42), തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിനി (44) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയ്മോൻ. പ്രതികൾ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 15ന് പുലർച്ചെ ഒരുമണിക്ക് പത്തനംതിട്ട കോളേജ് ജംഗ്ഷന് സമീപമുള്ള ഹിൽ റോക്ക് ലോഡ്ജിലെ മുറിയിൽ വച്ചായിരുന്നു കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. രണ്ടാം പ്രതിയുടെ ഒത്താശയോടെയായിരുന്നു പീഡനം.
ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവും ബാലനീതി നിയമപ്രകാരവും പട്ടികജാതി പീഡന നിരോധനനിയമപ്രകാരവും പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ഡി ഷിബുകുമാർ ആണ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കുട്ടിയുടെസംരക്ഷണച്ചുമുതലയുണ്ടായിരുന്ന ഒന്നാംപ്രതി, രണ്ടാം പ്രതിയുടെ സഹായത്തോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതെ രണ്ടാം പ്രതി ഇയാളെ സഹായിക്കുകയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തായതും, കൗൺസിലിംഗിലൂടെ കുട്ടി നേരിട്ട ക്രൂരപീഡനങ്ങൾ വെളിവാക്കപ്പെട്ടതും.
ലോഡ്ജ് മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണർത്തി അമ്മയുടെ മുമ്പിൽ വച്ച്, കുട്ടിയെ കട്ടിലിൽ നിന്നും വലിച്ചു താഴെ ഇട്ടശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. തിരുവനന്തപുരം ബാലരാമപുരം പോലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സംഭവസ്ഥലം പത്തനംതിട്ട ആകയാൽ ഇങ്ങോട്ട് അയച്ചുകിട്ടുകയും, ഇവിടെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന്, പീഡന നിരോധനനിയമപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ അന്വേഷണം ഏറ്റെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സാഹസികമായ അന്വേഷണത്തിലൂടെയാണ് ഒളിയിടത്തിൽ നിന്നും പ്രതികളെ പിടികൂടിയത്.രണ്ട് ദിവസമായി തമ്പടിച്ച് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ ജയ്മോനെ കീഴടക്കുകയായിരുന്നു. നിരവധി ഗുരുതര കുറ്റകൃത്യങ്ങൾ നിരന്തരം ചെയ്തുവരുന്ന കൊടും ക്രിമിനൽ ആണ് ഇയാൾ. സ്ത്രീ ആദ്യഭർത്താവിനെ ഉപേക്ഷിച്ചു ഇയാൾക്കൊപ്പം കൂടുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയ്മോനും കർണാടകത്തിലേക്ക് മുങ്ങി. അന്വേഷണസംഘം ലോഡ്ജിൽ നിന്നും തെളിവെടുപ്പ് നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകൾ ശേഖരിച്ചു. കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയെ പഠിച്ച സ്കൂളിൽ നിന്നും രേഖകൾ പരിശോധിച്ച തെളിവുകൾ ശേഖരിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ വിളികൾ പിന്തുടർന്ന് പ്രത്യേകസംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ, മംഗലാപുരം മുൾക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ, അവിടുത്തെ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തുടർന്ന് പ്രതികളെ പത്തനംതിട്ടയിൽ എത്തിച്ചു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുമെന്നും, കേസിന്റെ അന്വേഷണം വളരെ വേഗം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജയ്മോൻ മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അടിമാലി വെള്ളത്തൂവൽ മൂന്നാർ മണിമല ബാലരാമപുരം തുടങ്ങിയ പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുകൾ നിലവിലുള്ളത്. ഇതിൽ മൂന്ന് ബലാത്സംഗകേസുകളും ഒരു മോഷണകേസും പോക്സോ കേസും ഉൾപ്പെടുന്നു. ഒരു ബലാത്സംഗകേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.



