വാഷിങ്ടൺ: വ്യാപാര കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ അമേരിക്കയിൽനിന്ന് കൂടുതൽ എണ്ണ, വാതകം, എഫ് -35 യുദ്ധവിമാനമടക്കമുള്ള സൈനിക സാമഗ്രികൾ എന്നിവ വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. അതേസമയം, പരസ്പര താരിഫുകളിൽനിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
വൈറ്റ് ഹൗസിലെ ട്രംപിന്‍റെ ഓവൽ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനു ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുരാജ്യവും ഉടൻ തന്നെ പ്രധാന വ്യാപാര കരാറിൽ ഏർപ്പെടുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയ ഇറക്കുമതി തീരുവകൾ അന്യായവും ശക്തവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ എന്ത് ഈടാക്കിയാലും ഞങ്ങൾ അവരിൽനിന്ന് തിരിച്ച് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.



