ന്യൂഡൽഹി : മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ, മുന്നു കുഞ്ഞുങ്ങൾ ഉൾപ്പെടെ 15 പേർ മരിച്ചു. 10 സ്ത്രീകളും 3 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചതെന്ന് എൽഎൻജിപി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അൻപതിലേറെ പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രാത്രി പത്തു മണിയോടെയാണ് സംഭവം. സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടായത്. അപകടത്തിൽ 15 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. എന്നാൽ പിന്നീട് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു.
പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.



