കൈറോ: ഇസ്രായേൽ വംശഹത്യയിൽ തകർന്ന ഗസ്സ പുനർനിർമാണത്തിന് ഈജിപ്ത് പുതിയ പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. ഈജിപ്തിന്റെ സർക്കാർ പത്രമായ അൽ അഹ്റാനാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഗസ്സക്കാരെ കുടിയൊഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്ക് മറുപടിയാണ് ഈ പദ്ധതിയെന്നും റിപ്പോർട്ട് പറയുന്നു.
അഭയാർഥികളെ ഗസ്സയിലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയശേഷം ആഗോള നിർമാണ കമ്പനികളുടെ നേതൃത്വത്തിൽ പുനർനിർമിക്കാനാണ് പദ്ധതി. യൂറോപ്യൻ നേതാക്കളുമായും സൗദി അറേബ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. പദ്ധതിക്ക് പണം കണ്ടെത്താനുള്ള വഴികളും ആലോചിക്കുന്നുണ്ട്. ഗസ്സ വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിക്കാൻ നീക്കം തുടങ്ങിയതായും മുതിർന്ന ഈജിപ്ത്യൻ, അറബ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സീസി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി ഫോണിൽ സംസാരിച്ചിരുന്നു. മ്യൂണിച്ച് സുരക്ഷ സമ്മേളനത്തിനിടെ ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുൽലത്തി ജർമൻ വിദേശകാര്യ മന്ത്രിയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളുമായും നേരിൽ കണ്ട് പദ്ധതി ചർച്ചചെയ്തിരുന്നു. ബദൽ പദ്ധതികൾ ആലോചിക്കാൻ തയാറാണെന്ന് റഷ്യൻ നേതാക്കളുമായുള്ള ചർച്ചക്ക് സൗദിയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അറിയിച്ചിട്ടുണ്ട്.
റിയാദിൽ നടന്ന സമ്മേളനത്തിൽ ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ജോർഡൻ തുടങ്ങിയ രാജ്യങ്ങൾ പദ്ധതി ചർച്ച ചെയ്യും.തുടർന്ന് ഈ മാസം അവസാനം നടക്കുന്ന അറബ് ഉച്ചകോടിയിൽ പദ്ധതി അവതരിപ്പിക്കുമെന്ന് ഈജിപ്ത് ഉദ്യോഗസ്ഥർ അറിയിച്ചു.



