തെലങ്കാന: നാഗര്‍കുര്‍ണൂലില്‍ ടണല്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും രംഗത്തെത്തി. നാവികസേനാ മറൈന്‍ കമാന്‍ഡോസായ മാര്‍ക്കോസ് കൂടി രക്ഷാ ദൗത്യത്തില്‍ ഭാഗമാവും. മണ്ണിടിഞ്ഞ് എട്ട് പേര്‍ കുടുങ്ങിയതിന് 150 മീറ്റര്‍ അകലെ രക്ഷാപ്രവര്‍ത്തകരെത്തി. പതിനൊന്നര കിലോമീറ്റര്‍ അകത്ത് വരെ ഒരു ജനറേറ്ററടക്കമുള്ള യന്ത്രങ്ങളെത്തിച്ചു. പിന്നീടുള്ള രണ്ട് കിലോമീറ്റര്‍ താല്‍ക്കാലിക കണ്‍വെയര്‍ ബെല്‍റ്റ് സജ്ജീകരിച്ചിരിക്കുകയാണ്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് കുടുങ്ങി കിടക്കുന്നവരുടെ അടുത്തേക്ക് എത്താന്‍ അവശിഷ്ടങ്ങള്‍ ഇ-കണ്‍വെയര്‍ ബെല്‍റ്റ് വഴി പുറത്തേക്ക് മാറ്റുന്ന പ്രക്രിയ ആണ് നടക്കുന്നത്. തകര്‍ന്ന യന്ത്രഭാഗങ്ങളും ചെളി നിറഞ്ഞ വെള്ളക്കെട്ടും സിമന്റ് പാളികളും പാറക്കെട്ടുകളും രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാന്‍ കടുത്ത വെല്ലുവിളിയാണ്. ഒമ്പതര അടി വ്യാസമുള്ള തുരങ്കം പൂര്‍ണമായും അവശിഷ്ടങ്ങള്‍ വന്ന് മൂടിയ നിലയിലാണ്.
ടണലില്‍ കുടുങ്ങിക്കിടക്കുന്നത് എട്ട് പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊജക്ട് എന്‍ജിനീയറും സൈറ്റ് എന്‍ജിനീയറും ആറ് തൊഴിലാളികളുമാണ് കുടുങ്ങിയത്. മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
രാത്രി മുഴുവനും രക്ഷാ പ്രവര്‍ത്തകര്‍ ലൗഡ് സ്പീക്കറിലൂടെ പേര് വിളിച്ചിട്ടും ഉള്ളില്‍ നിന്നും മറുപടിയില്ല. കുടുങ്ങിപ്പോയവര്‍ ചൂടും സമ്മര്‍ദ്ദവും നിര്‍ജലീകരണവും കാരണം ബോധരഹിതരാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഓക്സിജന്‍ പരമാവധി പമ്പ് ചെയ്ത് നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.



