കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തെ ഓർമപ്പെടുത്തിക്കൊണ്ട് ഇന്നും നാളെയുമായി 64ാമത് ദേശീയ ദിനവും 34ാമത് വിമോചന ദിനവും ആഘോഷിക്കും. പൗരന്മാരും മലയാളികളുൾപ്പടെയുള്ള പ്രവാസി സമൂഹവും കുവൈത്തിന്റെ ആഘോഷങ്ങളിൽ പങ്കാളികളാകും. ഈ മാസം രണ്ടിന് ബയാൻ പാലസിൽ അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു.
ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകമായ ആഘോഷ പരിപാടികൾ അരങ്ങേറും. തെരുവുകളും സർക്കാർ കെട്ടിടങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും കുവൈത്ത് പതാകകളുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കൃതമായിട്ടുണ്ട്. രാജ്യത്തുടനീളം വിവിധ വലുപ്പത്തിലുള്ള 2,000ത്തോളം കുവൈത്ത് പതാകകളാണ് ഉയർത്തിയിട്ടുള്ളത്.ഭഅഭിമാനവും അന്തസ്സും’ എന്ന മുദ്രാവാക്യത്തിന് കീഴിൽ 138 മൊബൈൽ പരസ്യങ്ങളും ഇൻസ്റ്റാൾ ചെയ്തു. ജഹ്‌റ ഗവർറേറ്റിലെ റെഡ് പാലസിൽ നിരവധി കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുമുണ്ട്. കൂടാതെ അമിരി എയർപോർട്ട് മുതൽ ബയാൻ പാലസ് വരെയുള്ള പാലങ്ങളിലും മറ്റുമായി 490 കൊടിമരങ്ങളുണ്ട്. വാഹനങ്ങൾ പോലും അലങ്കൃതമാണ്.



