കണ്ണൂര്‍ :ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവന്‍ കുരുതി കൊടുത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്നും മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതില്‍ രണ്ടു സര്‍ക്കാരുകളും പരാജയപ്പെട്ടെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കാട്ടാന ആക്രമണം തടയുന്നതില്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായത്.ആനകളെ പ്രതിരോധിക്കാനുള്ള ആറളത്തെ ആനമതില്‍ നിര്‍മ്മാണത്തില്‍ ഗുരുതരമായ അലംഭാവമുണ്ടായിട്ടുണ്ട്. അടിക്കാട് വെട്ടിതെളിക്കെണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാരത് കൂട്ടാക്കിയില്ല. ഇത് കൃത്യമായി ചെയ്തിരുന്നെങ്കിലും ഇപ്പോഴുണ്ടായ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. മനുഷ്യജീവനുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. വന്യജീവി സംഘര്‍ഷം തടയാന്‍ വനംവകുപ്പ് ഉന്നതലയോഗം കൈക്കൊണ്ട നടപടികള്‍ കടലാസില്‍ മാത്രമാണുള്ളത്. മനുഷ്യജീവനുകള്‍ ബലികൊടുക്കുന്ന അനാസ്ഥ വനംവകുപ്പും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടാകും.
വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ നാമമാത്ര നഷ്ടപരിഹാരം നല്‍കുന്നതോടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞെന്ന നിലപാടാണ് വനം മന്ത്രിക്കുള്ളത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14 ഓളം മനുഷ്യരാണ് ആറളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഒട്ടും സുരക്ഷതിമതല്ലാത്ത സാഹചര്യത്തിലാണ് ഇവിടത്തെ ആദിവാസി കുടുംബങ്ങളെ അധിവസിപ്പിച്ചിരിക്കുന്നത്. അവരുടെ ജീവിതഭയവും ആശങ്കയും അകറ്റാനുള്ള ശാശ്വത പരിഹാരം കണ്ടെത്തുന്നതില്‍ വനംവകുപ്പും സര്‍ക്കാരും നിസ്സംഗത തുടരുകയാണ്.



