വാഷിങ്ടൻ : അജ്ഞാത സ്രോതസുകളെ ആശ്രയിക്കുന്ന എഴുത്തുകാർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനായി പുതിയ നിയമം നിർമിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. പത്രപ്രവർത്തകനായ മൈക്കൽ വുൾഫിന്റെ ‘ഓൾ ഓർ നത്തിങ്ങ്: ഹൗ ട്രംപ് റീക്യാപ്ചേർഡ് അമേരിക്ക’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പരാമർശം.
ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അധികാരം ഉറപ്പിക്കാൻ ഒന്നര വർഷത്തോളം ട്രംപ് നടത്തിയ പ്രചാരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് വുൾഫിന്റെ പുതിയ പുസ്തകം. ഈ പുസ്തകം അപകീർത്തികരമായ കെട്ടുകഥയാണെന്നും ഇതിനു വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
അജ്ഞാതർ അല്ലെങ്കിൽ ഓഫ് ദ റെക്കോർഡ് ആയി പറഞ്ഞെന്ന് അവകാശപ്പെടുന്ന കാര്യങ്ങളുമായി വ്യാജ പുസ്തകങ്ങളും കഥകളും വരുന്നുണ്ട്. ഇത്തരത്തിലുള്ളവ എഴുതുന്ന എഴുത്തുകാർക്കും പുസ്തക പ്രസാധകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപിന്റെ പരിപാടികൾ റിപ്പോർട്ടു ചെയ്യാനുള്ള മാധ്യമപ്രവർത്തകരെ വൈറ്റ് ഹൗസ് തിരഞ്ഞെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.