തിരുവനന്തപുരം: അലക്കൊഴിഞ്ഞ് കാശിക്ക് പോക്കുണ്ടാവില്ല എന്ന പഴഞ്ചൊല്ലുപോലെ എല്ലാ തിരഞ്ഞെടുപ്പും നോക്കി പുനഃസംഘടന മാറ്റിവെച്ചാൽ നടക്കില്ലെന്ന് കെ.മുരളീധരൻ. നടത്തണമെന്നുണ്ടെങ്കിൽ ഇതാണ് പറ്റിയസമയം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇനിയും എട്ടുമാസം ബാക്കിയുണ്ട്. പുനഃസംഘടന ഇപ്പോൾ ചെയ്യാമെങ്കിൽ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പാർട്ടിയിൽ താൻ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും താനില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. എന്നാൽ പാർട്ടി പറയുന്നതുപോലെ അനുസരിക്കും. എന്തെങ്കിലും സ്ഥാനമാനങ്ങൾ വേണമെന്നുണ്ടെങ്കിൽ താൻ പോകാതിരിക്കില്ലല്ലോ. ഒരു സ്ഥാനത്തിന്റെയും ആവശ്യം തനിക്കില്ല. അഭിപ്രായം ചോദിക്കുമ്പോൾ പറയും. അതിന് ഡൽഹിക്കുതന്നെ പോകണമെന്നില്ലല്ലോ. ഒരുപാട് സൗകര്യങ്ങളുള്ള കാലഘട്ടമാണല്ലോ എന്നും കെ.മുരളീധരൻ പറഞ്ഞു.
“മണൽ ഖനനത്തിനെതിരെ എം.കെ.പ്രേമചന്ദ്രൻ എം.പി നയിക്കുന്ന തീരദേശയാത്രയിൽ പങ്കെടുക്കാമെന്ന് വാക്കുകൊടുത്തതിനാലാണ് ഡൽഹിയിൽ പോകാതിരുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ട ആവശ്യം ഇല്ലെന്നാണ് ഇപ്പോഴും എന്റെ അഭിപ്രായം. പ്രസിഡന്റിനെ നിലനിർത്തിക്കൊണ്ടുള്ള അഴിച്ചുപണിയാണ് വേണ്ടത്. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടി എന്ത് തീരുമാനമെടുത്താലും അനുസരിക്കാൻ ബാധ്യസ്ഥനാണ്. എന്നെ ക്ഷണിച്ച യോഗത്തിനല്ലേ എനിക്ക് പോകാൻപറ്റൂ.”
തിരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷത്തോളം ഭൂരിപക്ഷത്തിലാണ് കെ.സുധാകരൻ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ നിൽക്കുമ്പോഴാണ് ഒരാൾക്ക് കൂടുതൽ ആരോഗ്യം വേണ്ടത്. ആ ആരോഗ്യം അദ്ദേഹത്തിനുണ്ട്. പിന്നെങ്ങനെയാണ് പ്രസിഡന്റാവാൻ ആരോഗ്യം പോരെന്നൊക്കെ പറയുന്നത്. അത്തരം അഭിപ്രായങ്ങളോടൊന്നും യോജിക്കുന്നില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.



