തിരുവനന്തപുരം: പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പേ കൂടെ പഠിക്കുന്ന സഹപാഠിയെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചു കൊലപ്പെടുത്തുന്ന നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അധികാരം നിലനിര്‍ത്തുന്നതിനായി നാടിനെ ലഹരി മാഫിയയ്ക്ക് തീറെഴുതിയിരിക്കുന്ന സര്‍ക്കാരും അതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്നും കെ സുധാകരന്‍ പറഞ്ഞു. താമരശ്ശേരിൽ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട ഷഹബാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു കെ സുധാകരന്റെ പ്രതികരണം.
‘ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ 9 വര്‍ഷങ്ങളിലും പിണറായി വിജയന്‍ സ്വീകരിച്ചു പോരുന്നത്. കണ്‍ മുൻപിൽ അക്രമങ്ങള്‍ നടക്കുമ്പോള്‍ നിറഞ്ഞ ചിരിയോടെ അതൊക്കെ രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ക്രിമിനലുകളുടെയും ഊര്‍ജവും റോള്‍ മോഡലുമാണ്. സംസ്ഥാനത്തെ ഒരു എംഎല്‍എയുടെ മകനെ കഞ്ചാവുമായി പിടികൂടിയതിനു കേസ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യമടക്കം ഉണ്ടായി എന്നത് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതിന് ഉദാഹരണമാണ്’, കെ സുധാകരൻ പറഞ്ഞു.



