കേരളത്തിലെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മലക്കം മറിഞ്ഞ് ശശി തരൂർ എം.പി. കേരളം വ്യവസായ സൗഹാർദമാണ് എന്ന പ്രസ്താവനയിൽ നിന്നാണ് ശശി തരൂർ പിന്നാക്കം പോയത്. അവകാശവാദങ്ങൾ മാത്രമാണുള്ളത്. കൂടുതൽ സംരംഭങ്ങൾ കേരളത്തിന് ആവശ്യമുണ്ട്. സ്റ്റാർട്ടപ്പുകൾ പേപ്പറിൽ മാത്രം ഒതുങ്ങാതെ നടപ്പാക്കണം. കേരളസർക്കാറിന്റെ ഉദ്ദേശ്യ ശുദ്ധി നല്ലതാണെന്ന് സമ്മതിക്കാം. എന്നാൽ കേരളത്തിലെ യഥാർഥ സാഹചര്യമല്ല പുറത്തുവരുന്നതെന്നും ശശി തരൂർ എക്സ് പോസ്റ്റിൽ പറഞ്ഞു. കേരളത്തിലെ നിരവധി വ്യവസായങ്ങൾ പൂട്ടിയെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ കുറിപ്പ്.
ഹൈക്കമാൻഡും കേരളത്തിലെ കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം എന്നതും ശ്രദ്ധേയം. വ്യവസായവകുപ്പിന്‍റെ സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു.
പറയാത്ത കാര്യങ്ങളാണ് വിവാദ അഭിമുഖത്തിൽ വന്നതെന്നും കേരളത്തിൽ നേതൃപ്രതിസന്ധിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ശശി തരൂർ നേരത്തേ വിശദീകരിച്ചിരുന്നു. തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചതാണ്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് വിവാദ അഭിമുഖത്തിൽ ഇന്ത്യൻ എക്സ്പ്രസ് ഖേദം പ്രകടിപ്പിക്കാൻ തയാറായതെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ സൂചിപ്പിച്ചു.
താൻ പറയാത്ത കാര്യം തലക്കെട്ടായി നൽകി പത്രം അപമാനിച്ചു. നിരുത്തരവാദപരമായ മാധ്യമപ്രവർത്തനമാണ് ഇന്ത്യൻ എക്സ്പ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തരൂർ എക്സിൽ പോസ്റ്റുചെയ്ത വിശദീകരണക്കുറിപ്പിൽ പറയുന്നു. വാർത്തയിലെ ഒരു ഭാഗത്ത് പിശകുണ്ടെന്ന് പത്രം വ്യക്തമാക്കിയതിനു പിന്നാലെയാണ് തരൂരിന്‍റെ വിശദീകരണക്കുറിപ്പ്.
വാർത്തക്ക് ‘തനിക്ക് വേറെ വഴികളുണ്ട്’ എന്ന് തലക്കെട്ട് നൽകിയത് തെറ്റിദ്ധാരണാജനകമാണ്. എഴുത്ത്, വായന, പ്രസംഗങ്ങൾ തുടങ്ങി തനിക്ക് പല വഴികളുണ്ടെന്ന് പോഡ്കാസ്റ്റിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ വേറെ ഏതോ പാർട്ടിയിലേക്ക് പോകുന്നുവെന്ന തരത്തിൽ തലക്കെട്ട് വരികയും അത്തരത്തിൽ ചർച്ചയുണ്ടാകുകയും ചെയ്തു.
കേളത്തിൽ നല്ല നേതൃത്വത്തമില്ലെന്ന് പറഞ്ഞതായി റിപ്പോർട്ടിലുണ്ടായിരുന്നു. അത് പിന്നീട് പലരും ബ്രേക്കിങ് ന്യൂസാക്കുകയും നേതാക്കൾ പ്രതികരിക്കുകയും ചെയ്തു. എന്നാൽ യഥാർഥത്തിൽ അങ്ങനെയല്ല പറഞ്ഞതെന്ന് പിന്നീട് പത്രംതന്നെ തിരുത്തി. കേരളത്തിൽ നേതാക്കളുണ്ട്, അണികളുടെ കുറവിനെ കുറിച്ചാണ് അഭിമുഖത്തിൽ പറഞ്ഞത്. അത് തർജമക്കിടെവന്ന പിശകാണെന്ന് പത്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിന്‍റെ അടിസ്ഥാനത്തിലുണ്ടായ പല പ്രശ്നങ്ങളും തന്നെ വേട്ടയാടുന്ന നിലയിലെത്തി. നിരുത്തരവാദപരമായ മാധ്യമപ്രവർത്തനമാണ് ഇന്ത്യൻ എക്സ്പ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തരൂർ വിശദീകരണക്കുറിപ്പിൽ പറഞ്ഞിരുന്നു.