വാഷിങ്ടൺ: യുക്രൈനുള്ള സൈനിക സഹായം അമേരിക്ക തൽക്കാലികമായി നിർത്തിയെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലൻസ്കിയും തമ്മിൽ കഴിഞ്ഞയാഴ്ച ട്രംപിെൻറ ഓവൽ ഓഫീസിൽ വെച്ച് വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പ്രശ്നത്തിന് പരിഹാരം കാണും വരെ യുഎസ് സഹായം താൽക്കാലികമായി നിർത്തും.
യുക്രൈനിലേക്ക് അയക്കാൻ ഉദ്ദേശിച്ചിരുന്ന എല്ലാ സൈനിക ഉപകരണങ്ങളും തൽക്കാലം നൽകില്ല. യുക്രൈനയിലേക്കുള്ള പല ആയുധങ്ങളും പോളണ്ടിലുണ്ട്. ഇത് അവിടത്തന്നെ സൂക്ഷിക്കും. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് സഹായം താൽക്കാലികമായി നിർത്താൻ ട്രംപ് ഉത്തരവിട്ടതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
യുക്രൈനിനുള്ള സൈനിക സഹായം നിർത്തലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും എന്നാൽ അമേരിക്കയുടെ പിന്തുണയ്ക്ക് സെലെൻസ്‌കി ‘കൂടുതൽ നന്ദിയുള്ളവനായിരിക്കണമെന്നും’ ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. യുക്രൈൻ-റഷ്യ യുദ്ധം മൂന്ന് വർഷം പിന്നിടുേമ്പാൾ അമേരിക്ക യുക്രൈന് കോടിക്കണക്കിന് ഡോളർ സഹായം നൽകിയിട്ടുണ്ട്.



