ജെയിംസ് കൂടൽ
സി.പി. എമ്മിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചപ്പോൾ വിചിത്രമായ നയപരിണാമത്തിലേക്ക് പാർട്ടി മാറുന്നുവെന്നാണ് വ്യക്തമാകുന്നത്. ഒന്ന്, പൊതുമേഖലയോടുള്ള സമീപനമാറ്റം. രണ്ട് പാർട്ടിയിലെ ശക്തി കേന്ദ്രീകരണം. മൂന്ന്, പാർട്ടി അംഗങ്ങളുടെ പെരുമാറ്റം. നാല്, പൊതുപ്രശ്നങ്ങളിലെ പാർട്ടി നിലപാട്. ഇത്രയും കാര്യങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തിത്വമില്ലാത്തതും ഇരട്ടത്താപ്പ് നിറഞ്ഞതുമായ പാർട്ടിയെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വി. എസ് അച്യുതാനന്ദന് ശേഷം പിടിമുറുക്കിയ കണ്ണൂർ ലോബിയുടെ കൈകളിൽ നിന്ന് പാർട്ടിക്ക് ഇതുവരെ മോചനം ലഭിച്ചിട്ടില്ല. ഇത്തവണത്തെ സമ്മേളനത്തിലും കണ്ണൂർ ലോബി പാർട്ടിയിലെ പ്രധാന അധികാര സ്ഥാനങ്ങൾ നിലനിറുത്തി. സഹികെട്ട ഒരു സമ്മേളന പ്രതിനിധി പാർട്ടിയിലെ അധികാര സ്ഥാനങ്ങൾ കണ്ണൂർ ലോബിക്ക് സംവരണം ചെയ്തിരിക്കുകയാണോ എന്നു ചോദിച്ചു. അദ്ദേഹം എത്രനാൾ ഇനി ഈ പാർട്ടിയിൽ ഉണ്ടാകുമെന്ന് കണ്ടറിയണം.
തൃശൂർ മുതൽ തെക്കോട്ട് തിരുവനന്തപുരം വരെയുള്ള കമ്മ്യൂണിസ്റ്റ് ആദർശ ശാലികളായ നേതാക്കൾ എന്നും തഴയപ്പെട്ട ചരിത്രമാണുള്ളത്. എസ്. ശർമ്മ, കെ. സുരേഷ് കുറുപ്പ്, ജി. സുധാകരൻ, എം. എ ബേബി തുടങ്ങിയ ജനങ്ങളുടെ പൾസ് മനസിലാക്കിയ നേതാക്കൾ പാർട്ടിയിൽ ആരുമല്ലാതായി. ബേബി പോളിറ്റ് ബ്യൂറോ അംഗമാണെങ്കിലും കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും ബേബിയെ അകറ്റി നിറുത്തിയിരിക്കുകയാണ്.
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യ നിക്ഷേപം ആകാമെന്നാണ് പാർട്ടി സമ്മേളനത്തിലെ പുതിയ നയരേഖ പറയുന്നത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലാണ് സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുന്നത്. അതുപോലെ സ്വകാര്യ, വിദേശ സർവകലാശാലകളെയും കേരളത്തളിലേക്ക് ക്ഷണിക്കുന്നു. സി.പി. എം സമ്മേളനത്തിൽ നിന്ന് ഇത്തരം തീരുമാനങ്ങൾ പുറത്തുവരുമ്പോൾ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവനന്തപുരത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ സംവിധാനം നടപ്പാക്കാൻ അന്നത്തെ യു.ഡി. എഫ് സർക്കാർ നടപടിയെടുത്തപ്പോഴുണ്ടായ കോലാഹലങ്ങൾ ഓർക്കേണ്ടതുണ്ട്. തൊഴിൽ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഡി. വൈ. എഫ്. എ.െ എസ്. എഫ്. എ െപ്രവർത്തകർ ആ സ്ഥാപനത്തിലേക്ക് ഇരച്ചുകയറി കമ്പ്യൂട്ടറുകൾ തല്ലിത്തകർത്തു. കമ്പ്യൂട്ടറുകൾ വേണ്ടേവേണ്ട എന്ന് പ്രഖ്യാപിച്ച് എല്ലാം അടിച്ചു തകർത്തവരുടെ നേതാക്കൾ പിന്നീട് അവരുടെ പാർട്ടി ഓഫീസുകളിൽ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചു. അവർ അധികാരത്തിൽ വന്നപ്പോൾ സർക്കാർ ഓഫീസുകൾ കമ്പ്യൂട്ടർവൽക്കരിച്ചു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യ നിക്ഷേപം നടത്താൻ യു. ഡി. എഫ് സർക്കാരുകൾ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളെയും സി.പി. എം സമരമുഖം തുറന്ന് തുരങ്കം വച്ചു. ഇന്നിപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ അത്തരം പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യ നിക്ഷേപം ക്ഷണിക്കുന്ന വിചിത്രമായ തീരുമാനത്തിലേക്ക് സി.പി. എം എത്തി. രണ്ടാം പിണറായി സർക്കാർ ഭരിക്കുമ്പോൾ സംസ്ഥാനത്തെ 54 പൊതുമേഖലാ സ്ഥാപനങ്ങളിൽ 20 എണ്ണം മാത്രമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത്. മറ്റുള്ളവ ഒന്നുകിൽ നഷ്ടത്തിൽ അല്ലെങ്കിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ എന്നതാണ് സ്ഥിതി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ, സ്വാശ്രയ സർവകലാലാശകൾക്ക് അവസരം കൊടുക്കണമെന്നു പറഞ്ഞ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ശ്രീനിവാസനെ ഒരു സംഘം എസ്. എഫ്. എക്കൊർ മർദ്ദിച്ചു താഴെയിട്ടത് ഇപ്പോഴും കേരളീയരുടെ മനസിലുണ്ട്.
ഏതായാലും സി.പി. എമ്മിന് വൈകി വിവേകം ഉദിക്കുമ്പോഴേക്കും കേരളത്തിലെ വിദ്യാസമ്പന്നരായ യുവജനങ്ങൾ ബഹുദൂരം മുന്നിലോടി ആധുനിക ലോകത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അന്നത്തെ സാഹചര്യത്തിലാണ് തങ്ങൾ പൊതുമേഖലാ സ്ഥാനങ്ങളിലെ സ്വകാര്യ പങ്കാളിത്തത്തെയും കമ്പ്യൂട്ടർവൽക്കരണത്തെയും എതിർത്തത് എന്ന സി.പി. എം വാദം ഇരട്ടത്താപ്പിന്റെ തെളിവായി ജനങ്ങൾക്കു മുന്നിലുണ്ട്. എ. ഡി. എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പ്രതിരോധത്തിലായ സി.പി. എം ഒരേ സമയം ഇരയ്ക്കും വേട്ടക്കാർക്കും ഒപ്പമാണെന്ന് സമ്മേളനം വീണ്ടും തെളിയിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പാർട്ടി പ്രതിനിധികൾ നവീനിന്റെ കുടുംബത്തിനു വേണ്ടി സംസാരിക്കുകയും കണ്ണൂർ പ്രതിനിധികൾ പി.പി ദിവ്യയ്ക്കും ഇടനിലക്കാരൻ പ്രശാന്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരിക്കുകയാണ്. സ്ത്രീ പീഡനക്കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതികളായ പാർട്ടി അംഗങ്ങൾക്കെതിരെ സമ്മേളന പ്രതിനിധികൾ ആരും സംസാരിച്ചു കണ്ടില്ല. പാർട്ടി അംഗങ്ങൾ ആരും മദ്യപിക്കരുതെന്ന് പ്രഖ്യാപിച്ച സി.പി. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് മണിക്കൂറുകൾക്കകം ആ നിലപാട് തിരുത്തേണ്ടി വന്നു. മദ്യപിക്കാത്തവർ മാത്രമാണെങ്കിൽ പാർട്ടിയിൽ ആളുണ്ടാവില്ലെന്ന തിരിച്ചറിവാണ് ഈ മലക്കംമറിച്ചിലിനു കാരണമായത്.