ലണ്ടൻ : ബ്രിട്ടിഷ് സീരിയൽ കില്ലർ ജയിലിൽ നിരാഹാരസമരത്തില്‍. ‘ഹാനിബൽ ദി കാനിബൽ’ എന്നറിയപ്പെടുന്ന റോബർട്ട് മൗഡ്‌സ്‌ലിയാണ് (71) ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരിക്കുന്നത്. ജയിൽ ഗാർഡുകൾ ടിവിയും പ്ലേസ്റ്റേഷനും പിടിച്ചെടുത്തതിനെ തുടർന്നാണ് നിരാഹാര സമരം.
അഞ്ച് പതിറ്റാണ്ടിലേറെയായി വെസ്റ്റ് യോർക്ക്ഷെയറിലെ വേക്ക്ഫീൽഡ് ജയിലില്‍ ഏകാന്ത തടവില്‍ കഴിയുകയാണ് റോബർട്ട്. 1974ല്‍ 21-ാം വയസ്സിലാണ് ആദ്യമായി കൊലപാതക കുറ്റത്തിന് റോബര്‍ട്ട് ജയിലിലാവുന്നത്. 1974 നും 1978 നും ഇടയിൽ നാല് കൊലപാതകങ്ങളാണ് റോബർട്ട് നടത്തിയത്.
തോക്ക് കള്ളക്കടത്ത് നടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ഫെബ്രുവരി 26 ന് ജയിലില്‍ വ്യാപക പരിശോധന നടന്നിരുന്നു, തുടർന്ന് റോബര്‍ട്ടിന്റെ ടിവിയും പ്ലേസ്റ്റേഷനും ഉൾപ്പെടെയുള്ള സാധനങ്ങൾ അധികൃതർ പിടിച്ചെടുത്തത്. റോബര്‍ട്ടിന്റെ സഹോദരനായ പോള്‍ മൗഡ്‌സ്‌ലിയാണ് നിരാഹാര വിവരം പുറത്തുവിട്ടത്.



