Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിപിഎമ്മില്‍ സംസ്ഥാന സമ്മേളനത്തിനു പിന്നാലെ അണികൾക്കിടയിൽ പൊട്ടിത്തെറി

സിപിഎമ്മില്‍ സംസ്ഥാന സമ്മേളനത്തിനു പിന്നാലെ അണികൾക്കിടയിൽ പൊട്ടിത്തെറി

തിരുവനന്തപുരം ∙ ടോളിലും സ്വകാര്യ സര്‍വകലാശാലയിലും മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കൊത്തു മാറുന്ന സിപിഎമ്മില്‍ സംസ്ഥാന സമ്മേളനത്തിനു പിന്നാലെ ഉയരുന്നതും അസാധാരണമായ പ്രതിഷേധങ്ങള്‍. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഇടംപിടിക്കാത്തവര്‍ മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ ശക്തമായ പ്രതിഷേധസ്വരമാണ് ഉയര്‍ത്തിയത്.

എതെങ്കിലും സമയത്ത് എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുകയോ സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയോ ചെയ്തവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണ് ചെയ്തിരിക്കുന്നതെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയരുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചുവെന്ന് മേനി പറയുമ്പോഴും ഒരു വിഭാഗത്തിന്റെ മാത്രം കൈകളിലേക്കു പാര്‍ട്ടിയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും ആക്ഷേപമുണ്ട്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാനസമിതി അംഗങ്ങള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യും.

മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിന് എതിരെ മുതിര്‍ന്ന നേതാവ് എ. പത്മകുമാർ ശക്തമായി പ്രതിഷേധിച്ചത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. വിവാദങ്ങളില്ലാതെ സമ്മേളനം അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് നേതൃത്വം അഭിമാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പത്മകുമാർ രംഗത്തെത്തിയത്. ഒൻപതു വര്‍ഷം മാത്രം പാര്‍ലമെന്ററി പരിചയമുള്ള വീണാ ജോര്‍ജിനെ ഉള്‍പ്പെടുത്തുകയും ‌ അരനൂറ്റാണ്ടോളം പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്ന തന്നെ ഒഴിവാക്കുകയും ചെയ്തതോടെയാണ് പത്മകുമാർ സമൂഹമാധ്യമത്തിലൂടെ പരസ്യ പ്രതികരണം നടത്തിയത്.

പോസ്റ്റ് പിന്‍വലിച്ചെങ്കിലും പത്മകുമാർ നിലപാടില്‍ ഉറച്ചുനിന്നതോടെ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം വീട്ടില്‍ നേരിട്ടെത്തി അനുനയശ്രമം നടത്തി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പത്മകുമാറിന്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയാണുള്ളത്. മറ്റന്നാള്‍ ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ നടപടി വിരമിക്കലായി കരുതുമെന്നാണ് പത്മകുമാറിന്റെ പ്രതികരണം. പത്മകുമാറിന്റെ പ്രതികരണം പാര്‍ട്ടിക്കു പ്രശ്‌നമല്ലെന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്.

അതിനിടെ, പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നു തഴഞ്ഞതിനെതിരെ മകന്‍ ജയിന്‍രാജ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നോ’ എന്ന എം.സ്വരാജിന്റെ മുന്‍കാല പോസ്റ്റ് പങ്കുവച്ചാണ് ജയിന്‍രാജ് പ്രതിഷേധിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments