യാത്രക്കാരുടെ തിരക്കേറുമെന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജ ഉൾപ്പെടെ 11 നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ച് ഖത്തർ എയർവേയ്സ്. പ്രതിവാര സർവീസുകളുടെ എണ്ണം കൂടുന്നത് യാത്രക്കാർക്ക് സുഗമയാത്ര ഉറപ്പാക്കും.
പെരുന്നാളും സ്കൂൾ അവധിക്കാലവുമെല്ലാം ഒരുമിച്ചെത്തുന്നതോടെ വരും നാളുകളിൽ യാത്രാ ഡിമാൻഡ് കൂടുമെന്നതാണ് തിരക്കേറിയ നഗരങ്ങളിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം കൂട്ടാൻ കാരണം. ഖത്തറിൽ നിന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമെല്ലാം അവധി ചെലവിടാൻ പോകുന്ന സ്വദേശി, പ്രവാസി യാത്രക്കാരുടെ എണ്ണം കൂടുന്നതിനാലാണ് കൂടുതൽ വിമാനങ്ങൾ അനുവദിച്ചത്.
സർവീസുകളുടെ എണ്ണം കൂടിയതോടെ യാത്രക്കാർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടിയാണ് ലഭിക്കുന്നത്. ഖത്തറിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അവധിക്കാലം ചെലവിടാൻ പോകുന്ന പ്രവാസികളിൽ മലയാളികളും ഏറെയാണ്. നിലവിൽ 170 നഗരങ്ങളിലേക്കാണ് ദോഹയിൽ നിന്ന് ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്നത്.
ഏതൊക്കെ നഗരങ്ങളിലേക്ക് (നേരത്തെയുള്ള പ്രതിവാര സർവീസുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ
∙ഷാർജ : 35 (21)
∙ആസ്റ്റർഡാം: 11 (7)
∙ഡമാസ്ക്കസ് : 14 (3)
∙ദർ–ഇസ് സലാം കിളിമഞ്ചാരോ : 7 (3)
∙എന്റബ്ബി : 11 (7)
∙ലമാക്ക : 10 (7)
∙ലണ്ടൻ ഹീത്രു : 56 (49)
∙മഡ്രിഡ് : 17 (14). ഇതോടെ ഖത്തർ എയർവേയ്സും ലിബേറിയയും ചേർന്നുള്ള പ്രതിവാര സർവീസ് 21 എന്നത് 24 ആയി.
∙മാപുട്ടോ–ഡർബൻ : 7 (5)
∙ ടോക്കിയോ നരിത : 14 (11)
∙തുനിസ് : 12 (10)