ദുബായ് : പുതിയ സംരംഭങ്ങളിൽ (ഗ്രീൻഫീൽഡ്) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിൽ തുടർച്ചയായി നാലാം തവണയും ദുബായ് ലോകത്ത് ഒന്നാം സ്ഥാനം നേടി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ നേട്ടം വെളിപ്പെടുത്തിയത്. എഫ്ഡിഐ മാർക്കറ്റ്സ് സർവേയിലാണ് ഈ കണ്ടെത്തൽ. 2024ൽ 5200 കോടി ദിർഹത്തിന്റെ വിദേശ നിക്ഷേപമാണ് പുതിയ സംരംഭങ്ങളിലേക്ക് എത്തിയത്. 2023നെക്കാൾ 33% കൂടുതലാണിത്.
കഴിഞ്ഞവർഷം 1,826 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ചിരുന്നു. സംരംഭങ്ങളുടെ എണ്ണത്തിലും 11% വർധനയുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണവും ശക്തമായ നേതൃത്വവുമാണ് ദുബായുടെ സാമ്പത്തിക വളർച്ചയ്ക്കും നവീന പദ്ധതികൾക്കും കരുത്തുപകരുന്നതെന്നും ദുബായ് സാമ്പത്തിക അജൻഡ ഡി33യുടെ ലക്ഷ്യങ്ങൾക്കു വേഗം കൂട്ടുന്നതാണിതെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.