ഭക്തി നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ കാത്ത് തലസ്ഥാനനഗരി. സ്ത്രീ ലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ വൻ തിരക്കിലാണ് ആറ്റുകാൽ ക്ഷേത്രവും പരിസരവും. ക്ഷേത്രത്തിനു പുറത്ത് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകളുടെ തുടക്കം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു 13ന് പുലർച്ചെ 1.30ന് എറണാകുളത്തുനിന്നു പുറപ്പെട്ട ട്രെയിൻ രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് രാത്രി 7.40ന് എറണാകുളത്ത് എത്തും. പൂർണമായും അൺറിസർവ്ഡ് സ്പെഷൽ ട്രെയിനാണ്. തീർഥാടകരുടെ സൗകര്യത്തിനായി 31 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചു. കന്യാകുമാരിയിൽനിന്ന് രാവിലെ 10.10നുള്ള ബെംഗളൂരു ഐലൻഡ് എക്‌സ്പ്രസ് (16525) ഒരു മണിക്കൂര്‍ വൈകി 11.10നാകും പുറപ്പെടുക. ഉച്ചയ്ക്കു 1.25ന് തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചുവേളി) നിന്നുള്ള നാഗര്‍കോവില്‍ പാസഞ്ചര്‍ (56310) 35 മിനിറ്റ് വൈകി രണ്ടിനായിരിക്കും പുറപ്പെടുക.