മൂന്ന് വർഷം പിന്നിട്ട യുക്രെയ്ൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. 30 ദിവസത്തെ താത്കാലിക വെടിനിർത്തൽ കരാറിന് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. സമാധാനം നിലനിർത്തണമെന്നും പുടിൻ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി മോസ്കോയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ജിദ്ദയിൽ യുഎസ് -യുക്രെയ്ൻ ഉദ്യോഗസ്ഥ തല ചർച്ചയിൽ 30 ദിവസത്തെ വെടിനിർത്തൽ യുക്രെയ്ൻ അംഗീകരിച്ചിരുന്നു. “ശത്രുത അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ നിർദ്ദേശത്തോട് ഞങ്ങൾ യോജിക്കുന്നു, പക്ഷേ ഈ വെടിനിർത്തൽ ശാശ്വത സമാധാനത്തിലേക്ക് നയിക്കണമെന്നും ഈ പ്രതിസന്ധിയുടെ മൂലകാരണങ്ങൾ ഇല്ലാതാക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു,” ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായുള്ള ചർച്ചകൾക്ക് ശേഷം ക്രെംലിനിൽ മാധ്യമപ്രവർത്തകരോട് പുടിൻ പറഞ്ഞു.
കൂടുതൽ ചർച്ചകളുടെ ആവശ്യകത പുടിൻ ഊന്നിപ്പറഞ്ഞു, യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താമെന്നും ഒരുപക്ഷേ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഒരു ഫോൺ സംഭാഷണം നടത്താമെന്നും പുടിൻ നിർദ്ദേശിച്ചു. യു.എസ് പിന്തുണയുള്ള വെടിനിർത്തൽ യുക്രെയ്ൻ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.