എഐ ചാറ്റ്ബോട്ടായ ഗ്രോക്കിന് (Grok) മീമുകള്‍ സൃഷ്ടിക്കാന്‍ ഒരു മിനിറ്റ് പോലും ആവശ്യമില്ലെന്ന് ചാറ്റ്ബോട്ട് ഉടമ ഇലോണ്‍ മസ്‌ക്. എക്സ് പ്ലാറ്റ്ഫോമില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മീം ഒരു ഉപയോക്താവ് പങ്കുവെച്ചതിനുപിന്നാലെയാണ് ഗ്രോക്കിനെ പ്രകീര്‍ത്തിച്ച് മസ്‌ക് രംഗത്തെത്തിയത്. ‘എവരിതിങ് ഇസ് കമ്പ്യൂട്ടര്‍’ എന്നെഴുതിയിട്ടുള്ള ഒരു ‘ടെസ്ല സൈബര്‍ ട്രക്ക് കാറിന് മുന്നില്‍ ട്രംപ് നില്‍ക്കുന്നതായുള്ള മീം ആണ് എക്സ് ഉപയോക്താവ് പങ്കുവെച്ചത്. ഇത് റീ പോസ്റ്റ് ചെയ്ത് ‘വാസ്തവം’ എന്ന് മസ്‌ക് കുറിച്ചു.
മസ്‌കിന്റെ എഐ സംരംഭമായ xAI ഫെബ്രുവരിയിലാണ് ഗ്രോക്ക് 3 അവതരിപ്പിച്ചത്. മുന്‍ഗാമിയായ ഗ്രോക്ക് 2 നേക്കാള്‍ പത്തുമടങ്ങ് മികച്ചതാണ് ഗ്രോക്ക് 3 എന്നായിരുന്നു അവതരണവേളയില്‍ മസ്‌കിന്റെ പ്രസ്താവന. പുതിയ ചാറ്റ്ബോട്ട് യുക്തി, ആഴത്തിലുള്ള ഗവേഷണം, സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മികവ് പുലര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചാറ്റ് ജിപിടി, ഗൂഗിള്‍ എഐ, മെറ്റ് എഐ എന്നീ ചാറ്റ്ബോട്ടുകളെ വെല്ലുന്നതാണ് ഗ്രോക്ക് എഐയെന്ന് അവകാശപ്പെട്ട് മസ്‌ക് നേരത്തെ മറ്റൊരു മീം പങ്കുവെച്ചിരുന്നു. മഡഗാസ്‌കര്‍ എന്ന അനിമേറ്റഡ് സിനിമയില്‍ നിന്നുള്ള ടെംപ്ലേറ്റ് ഉപയോഗിച്ചായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ക്യാപ്റ്റന്റെ ക്യാപും സണ്‍ഗ്ലാസും ധരിച്ചെത്തുന്ന പെന്‍ഗ്വിനെ മറ്റ് മൂന്ന് എഐ കളുടെ പേര് രേഖപ്പെടുത്തിയ പെന്‍ഗ്വിനുകള്‍ സല്യൂട്ട് ചെയ്യുന്നതായിരുന്നു ആ മീം.