വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഷാംപെയിനും വൈനിനും 200 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയനുകള്‍ക്കാണ് ട്രംപ് താക്കീത് നല്‍കിയിരിക്കുന്നത്. യു.എസ്. വിസ്‌കികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 50 ശതമാനം തീരുവ ഈടാക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയാണ് ട്രംപ് ഈ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.
ലോകത്തില്‍ തന്നെ ഏറ്റവും ശത്രുതാപരമായ നികുതി സംവിധാനമാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയെ മുതലെടുക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തീരുവ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഫ്രാന്‍സില്‍നിന്നും യൂറോപ്യന്‍ യൂണിയനുകളില്‍ നിന്നുമെത്തുന്ന മദ്യ ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി ഏര്‍പ്പെടുത്തും. യു.എസിലെ വൈന്‍, ഷാംപെയിന്‍ ബിസിനസിന് ഇത് ഗുണകരമായിരിക്കുമെന്നും ട്രംപ് ട്രൂത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.