സിറിയയില്‍ ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള താത്കാലിക ഭരണഘടന നിലവില്‍ വന്നു. ‘ പുതിയ ചരിത്രത്തിന്റെ തുടക്കം’ എന്നാണ് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരാ ഭരണഘടനാ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചുകൊണ്ട് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നുവെന്നതാണ് ഭരണഘടനയെന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത. അഞ്ച് വര്‍ഷത്തേക്കുള്ള താല്‍ക്കാലിക ഭരണഘടനയ്ക്കാണ് അംഗീകാരം നല്‍കിയത്.
ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതര്‍ ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. രണ്ടാഴ്ച മുന്‍പാണ് അല്‍ ഷരാ പ്രഖ്യാപനത്തിന്റെ കരട് തയാറാക്കാന്‍ സമിതിയെ നിയോഗിച്ചത്.
തങ്ങള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ നിഷേധിക്കുകയും പ്രശംസിക്കുകയും, ന്യായീകരിക്കുകയും കുറച്ചുകാണുകയും ചെയ്യുന്ന മുന്‍ അസദ് ഭരണകൂടത്തിന്റെ മഹത്വവല്‍ക്കരണം പുതിയ ഭരണഘടന വിലക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്ന് താല്‍ക്കാലിക ഭരണഘടനയുടെ കരട് തയാറാക്കിയ കമ്മറ്റി അംഗമായ അബ്ദുല്‍ ഹമീദ് അല്‍ അവക് പറയുന്നു. വനിതകള്‍ക്ക് എല്ലാ സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക അവകാശങ്ങളും ഉറപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പ്രസിഡന്റ് മുസ്ലീമായിരിക്കണമെന്നും നിയമ നിര്‍മാണത്തിന്റെ പ്രധാന സ്രോതസ് ഇസ്ലാമിക നിയമസംഹിതയായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള പ്രത്യേക അധികാരം പ്രസിഡന്റിന് മാത്രമാണുള്ളത്.
അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്ന് അവക് പറയുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.