Wednesday, March 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ജാതിക്കോമരങ്ങളെ ചങ്ങലക്കിടണം', ജെയിംസ് കൂടൽ എഴുതുന്നു

‘ജാതിക്കോമരങ്ങളെ ചങ്ങലക്കിടണം’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ പുരോഗമന നവോത്ഥാനമുന്നേറ്റങ്ങൾക്ക്വേഗത കൈവന്നത് കേരളത്തിലാണ്. ശ്രീനാരായണഗുരു. അയ്യങ്കാളി, മന്നത്ത്പത്മനാഭൻ തുടങ്ങിയ മഹാത്മാക്കൾ നാട്ടിൽ നിലനിന്നിരുന്ന അയിത്തത്തിനും അടിമത്തത്തിനുമെതിരെ പോരാട്ടം നയിച്ചതുകൊണ്ടാണ്കേരളത്തിന് മഹിമയാർന്ന ഒരു പൂർവചരിത്രം ലഭിച്ചത്. പക്ഷെ, നിർഭാഗ്യവശാൽ സംസ്ഥാനത്ത് ജാതിഭ്രാന്തുകൾ നിലവിട്ട് സർവമേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. വിശ്വാസികൾക്ക് ശാന്തിയും സമാധാനവും ലഭിക്കേണ്ട ആരാധനാലയങ്ങളെ ജാതിക്കോമരങ്ങൾ വിഴുങ്ങന്നതിന് അടുത്തകാലത്ത് സംസ്ഥാനം സാക്ഷിയായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ കഴകം ജോലിക്ക് നിയമിതനായ ബാലു എന്ന ചെറുപ്പക്കാരനോട് തന്ത്രിമാർ അയിത്തം പ്രഖ്യാപിച്ചത്.

കഴകം ജോലി പാരമ്പര്യ അവകാശമാണെന്നാണ് തന്ത്രിമാരുടെ പക്ഷം. ബാലുവിനെ കഴകം ജോലിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട തന്ത്രിമാർ പ്രതിനിധികളായ ദേവസവം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് അയാളെ ജോലിയിൽ പ്രവേശിപ്പിച്ചത്. യോഗ്യതയ്ക്ക് അനുസരിച്ച് നിയമനം നടത്തുന്ന പി.എസ്.സിക്ക് സമാനമായ സ്ഥാപനമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്. നിയമപരമായ നടപടികൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചയാളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത് വലിയ വിരോധാഭാസമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. ജാതിക്കോമരങ്ങൾ അവസാനിച്ചുവെന്ന് കരുതിയ നാട്ടിലാണ് അത് വീണ്ടും ഫണമുയർത്തുന്നത്.

ആരാധാനാലയങ്ങളുടെ ഭരണം ഇത്തരം ജാതിമനോഭാവം പുലർത്തുന്നവരെ ഏൽപ്പിച്ചാൽ അതിന്റെ വിഷവിത്തുകൾ നാടാകെ പടരും. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടാതെ ഒളിഞ്ഞുകളിക്കുകയാണ്. കഴകം ജോലിയിൽ നിയമനം ലഭിച്ചയാൾ ആ തസ്തികയിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിനും ഉത്തരവാദിതവമുണ്ട്. ആരാധനാലയങ്ങളെ ജാതി വിവേചനത്തിനും രാഷ്ട്രീയ ലാഭമുണ്ടാക്കാനും വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിലെ ഗാനമേളയ്ക്കിടെ ഇൻക്വിലാബ് വിളിച്ചതും പാർട്ടി കൊടികൾ ഉയർത്തിയതും പ്രതിഷേധമുയർത്തി. ക്ഷേത്രം ഭരിക്കുന്നത് സി.പി. എമ്മാണ് എന്നാണ് വിവരം. ആരാധനാലയങ്ങൾ എന്തിനാണ് പാർട്ടികൾ ഭരിക്കുന്നത്. ആരാധനാലയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി കാറ്റിൽ പറത്തിയിരിക്കുകയാണ് ഭരണകക്ഷിയായ സി.പി.എം ആരാധനാലയങ്ങൾ നാടിന്റെ വെളിച്ചവും പുരോഗതിയുടെ അടയാളങ്ങളുമായി മാറേണ്ടതുണ്ട്. ജാതി വ്യത്യാസങ്ങളില്ലാതെ നാടിന്റെ കൂട്ടായ്മയായി ഒരുപാട് ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു ആരാധനാലയങ്ങൾ കേരളത്തിലുണ്ട്. സർക്കാർ മാത്രം വിചാരിച്ചാൽ പൂർണമായി നടപ്പാക്കാനാവുന്നതല്ല ക്ഷേമ പ്രവർത്തനങ്ങൾ. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും ആവശ്യമാണ്. ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് ശാന്തിയും സമാധാനവും നൽകുന്നതിനൊപ്പം ക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള ഇടങ്ങളാകണം. അതിന് ജാതി ചിന്തകൾ മാറ്റിവച്ച് ഐക്യത്തോടെ മുന്നേറണം.

അടിമത്തവും അയിത്താചാരങ്ങളും കണ്ടാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്. ആ കാലഘട്ടത്തിലേക്ക് കേരളം തിരിച്ചു പോകാതിരിക്കാൻ സമയോചിതമായി ഇടപെടേണ്ടത് സംസ്ഥാന ഭരണകൂടമാണ്. എന്തിലും രാഷ്ട്രീയ ലാഭം നോക്കിയിരിക്കുന്ന ഇടതു സർക്കാർ കളക്കവെള്ളത്തിൽ മീൻ പിടിക്കുന്ന നയസമീപനമാണ് സ്വീകരിക്കുന്നത്. മതേതരത്വവും ജനാധിപത്യവും പറയുകയും തക്കം പാർത്തിരുന്ന് ജനങ്ങളെ മതപരമായും ജാതീയവുമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയുമാണ് സർക്കാർ. വരുംതലമുറയുടെ പുരോഗതിയും സുരക്ഷയും കരുതി ജാതിഭ്രാന്തൻമാരെ ചങ്ങലക്കിടാൻ സർക്കാർ ആർജവംകാട്ടണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com