മുംബൈ: നാഗ്പൂരിലെ സംഘർഷങ്ങളുടെ പേരിൽ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ജന്മനഗരമായ നാഗ്പൂരിൽ സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് ശിവസേന യുബിടി വിഭാഗം നേതാവ് അദിത്യ താക്കറെ പ്രതികരിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു ശിവസേന നേതാവിൻ്റെ പ്രതികരണം. സംസ്ഥാനത്തിൻ്റെ ക്രമസമാധാനം മുമ്പില്ലാത്ത വിധം തകർന്നു. മുഖ്യമന്ത്രിയുടെ ജന്മ നഗരമായ നാഗ്പൂർ ഇതാണ് അഭിമുഖീകരിക്കുന്നത് എന്നായിരുന്നു ആദിത്യ താക്കറെയുടെ ഫേസ്ബുക്ക് കുറിപ്പ്.മഹാരാഷ്ട്ര സർക്കാർ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാനത്തെ നശിപ്പിക്കുകയാണ്. ഇത് സ്ഫോടനാത്മകമായ സംഘർഷങ്ങളിലേയ്ക്ക് നയിക്കുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ മണ്ഡലമായ നാഗ്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തത് എന്നായിരുന്നു ശിവസേന യുബിടിയുടെ രാജ്യസഭാ അംഗം പ്രിയങ്ക ചതുർവേദിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ജന്മനഗരമായ നാഗ്പൂരിലെ മഹൽ പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു. നാഗ്പൂർ 300 കൊല്ലത്തോളം പഴക്കമുള്ള പട്ടണമാണ്. ഈ 300 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും നാഗ്പൂരിൽ ഒരു കലാപവും ഉണ്ടായിട്ടില്ല. എന്തു കൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് നമ്മൾ ചോദിക്കേണ്ടതുണ്ട്. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയാണ് അധികാരത്തിലുള്ളത്. ഔറംഗസേബിൻ്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജ്റംഗ്ദൾ ആവശ്യപ്പെട്ട് ക്രമസമാധാനം പാലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ചെയ്യണ്ടേയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. സമാധാനം കാത്തുസൂക്ഷിക്കാൻ നാഗ്പൂരിലെ ജനങ്ങളോട് കോൺഗ്രസ് പാർട്ടി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.