കൊച്ചി: എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഹർജിക്കാരൻ എമ്പുരാൻ കണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു. എമ്പുരാനെതിരെ ഹർജിക്കാരൻ പൊലീസിൽ പരാതി നൽകിയോ എന്നും ഹൈക്കോടതി ചോദിച്ചു.
എമ്പുരാനെതിരെ ഹർജി; ഹർജിക്കാരനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി ബിജെപി
എമ്പുരാൻ പ്രദർശനം തടയണമെന്ന ഹർജിയെ സംസ്ഥാന സർക്കാർ എതിർത്തു. സെൻസർ ബോർഡ് ഒരിക്കൽ അനുമതി നൽകിയാൽ പ്രദർശനത്തിന് വിലക്കില്ല. എമ്പുരാൻ സിനിമയ്‌ക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സർക്കാർ പറഞ്ഞു. സർക്കാർ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
ഹർജിയിൽ ഹൈക്കോടതി കേന്ദ്ര വാർത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. എമ്പുരാൻ നിർമ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി അവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.
ബിജെപി പ്രവർത്തകനായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ വിജേഷിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എമ്പുരാൻ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതിൽ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കിയിരുന്നു.
എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി
RELATED ARTICLES