വത്തിക്കാൻ: അതിരില്ലാത്ത സ്നേഹത്തിന്‍റെയും അളവില്ലാത്ത കരുണയുടെയും പ്രതീകമായ വലിയ ഇടയൻ നിത്യതയിലേക്ക് മറഞ്ഞിരിക്കുന്നു. ആഡംബരങ്ങളെ പടിക്കുപുറത്തു നിര്‍ത്തിയ ഫ്രാൻസിസ് മാര്‍പാപ്പക്ക് താനീ ലോകത്ത് നിന്നും പോകുന്നതും അങ്ങനെയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സംസ്കാരച്ചടങ്ങുകൾ ലളിതമായിരിക്കണമെന്ന് വത്തിക്കാൻ പുറത്തുവിട്ട മരണപത്രത്തിൽ പറയുന്നു.
തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്‍റെ മരണപത്രത്തിലുള്ളത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മരണശേഷം നാലു മുതൽ ആറുദിവസത്തിനുള്ളിൽ ഭൗതികദേഹം സംസ്കരിക്കണം. തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണവും നടത്തും.



