കുവൈത്ത് സിറ്റി: വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഇസ്ലാമിക കാര്യ മന്ത്രാലയം ഊർജ്ജം, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയവുമായി പൂർണ്ണ സഹകരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളും ബാങ്ക് വിളിയും നമസ്കാരം ആരംഭിക്കുന്നതും തമ്മിൽ പരമാവധി പത്ത് മിനിറ്റ് ഇടവേള പാലിക്കും.
പള്ളികളുടെ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നൽകിയ പുതിയ നിർദേശങ്ങളിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അദാനും ഇഖാമത്തിനുമിടയിലുള്ള ഇടവേള കുറയ്ക്കുകയാണ് നിർദ്ദേശത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവിനോടുള്ള പ്രതികരണമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു.



