ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും. ആക്രമണം സംബന്ധിച്ച് വിശദീകരണവും സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതാന്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളെ സമീപിച്ചു. ഇന്ത്യന്‍ എക്സ്പ്രസാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസാണ് കത്തയക്കുക. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഇതിനോടകം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ഇന്നോ നാളെയോ കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരാനാവശ്യപ്പെട്ടുള്ള കത്ത് കൈമാറും.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നടപടികളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ ഏതൊരു നടപടിയെയും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള പ്രതിപക്ഷ ആവശ്യവും പ്രധാന്യമര്‍ഹിക്കുന്നുണ്ട്.
അതേ സമയം സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാക്കാള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ചോദ്യങ്ങളുന്നയിച്ചിരുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിന് സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും.



