കൊച്ചി: സാമൂഹ്യ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടണമെന്ന് പ്രശസ്ത സിനിമാതാരം മല്ലിക സുകുമാരന്‍. വേൾഡ് മലയാളി കൗൺസിലിൻ്റെ ബാങ്കോക്ക് ബൈനിയൽ കോൺഫറൻസ് കിക്കോഫ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. “ആരെയും എങ്ങനെയും യാതൊരു ഭയാശങ്കയും ഇല്ലാതെ, അടിസ്ഥാനരഹിതമായി ആക്ഷേപിക്കാൻ യൂട്യൂബ് ചാനലും മറ്റും നടത്തുന്ന ചിലർ ശ്രമിക്കുകയാണ്. സെൻസർഷിപ്പ് പോലെ ഉള്ള സംവിധാനങ്ങള്‍ ഇതില്‍ ഇല്ല” എന്ന് അവര്‍ വേദനയോടെ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നും നൂറു കണക്കിനു പേർ പങ്കെടുത്ത സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ അധ്യക്ഷനായിരുന്നു. ചെയർമാൻ ബാബു സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർമാൻ സുരേന്ദ്രന്‍ കണ്ണാട്ട്, തിരുക്കൊച്ചി പ്രൊവിൻസ് ചെയർമാൻ ജോസഫ് മാത്യു, പ്രസിഡൻ്റ് ജോൺസൺ എബ്രഹാം, ഇന്ത്യ റീജിയൻ പ്രസിഡൻ്റ് പദ്മകുമാര്‍, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ജോഷി പന്നരകുന്നേൽ (സ്വിറ്റ്സർലൻഡ്), സുരേന്ദ്രന്‍ IPS (റിട്ട.), വേൾഡ് മലയാളി കൗൺസിൽ സ്ഥാപക സെക്രട്ടറി അലക്സ് കോശി വിളനിലം എന്നിവർ പ്രസംഗിച്ചു.

ഡോ. സിറിൽ ജോർജ് നേതൃത്വം നൽകുന്ന പുതിയ കാക്കനാട് ചാപ്റ്ററിന്റെ ഉദ്ഘാടനം ജോസഫ് മാത്യു നിർവഹിച്ചു.





