പത്തനംതിട്ട : രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കി ചേരിതിരിഞ്ഞ് പ്രക്ഷോഭമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിലൂടെ, പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരെ മോശമായി ചിത്രീകരിച്ച പോസ്റ്റുകളിടുകയും ഷെയർ ചെയ്യുകയും ചെയ്തതിന് അറസ്റ്റ് ചെയ്ത ആസ്സാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി. ആസ്സാം ദിബ്രൂഗഡ് സോണിട്ട്പുർ,
ബോകജൻ,ജാഗ്ലോവനി,ബിലാൽ അലിയുടെ മകൻ ഇദ്രിഷ് അലി(23)യാണ് പിടിയിലായത്. ഇയാൾക്കെതിരെ ബി എൻ എസിലെ വകുപ്പ് 196 പ്രകാരമാണ് കേസെടുത്തത്.
ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപം മത്സ്യകച്ചവടം നടത്തുകയാണ് ഇയാൾ. പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ളതുമായ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തുടർന്ന്, ഇന്നലെ വൈകുന്നേരം 5 മണിയോടെ ഇയാളെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു, 7.30 ന് അറസ്റ്റ് രേഖപ്പെടുത്തി.
കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. കൂടുതൽ ചോദ്യംചെയ്യലിൽ ഇയാൾക്ക് ഒന്നിലധികം മൊബൈൽ ഫോണുകൾ ഉള്ളതായി വ്യക്തമായി. വാടകയ്ക്ക് താമസിക്കുന്ന കിടങ്ങന്നൂർ വല്ലനലയിലുള്ള വീട്ടിൽ പരിശോധന നടത്തി മറ്റൊരു ഫോൺ കണ്ടെത്തി ബന്തവസ്സിലെടുത്തു. ആറന്മുള പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.



