Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറാപ്പർ വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ട് കോടതി

റാപ്പർ വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ട് കോടതി

കൊച്ചി: പുലിപ്പല്ലുമാലയുടെ ഉറവിടം അന്വേഷിക്കാൻ റാപ്പർ വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ട് കോടതി. ശ്രീലങ്കൻ വംശജനായ വിദേശ പൗരനിൽ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പർ വേടൻ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിൽ മൃഗവേട്ടയ്‌ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരൺദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

ശ്രീലങ്കൻ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരൻ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്റെ മൊഴി. ഇത് യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയിൽ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്‌ക്കൊപ്പം ചേർത്തതെന്നും വേടൻ വനം വകുപ്പിനോട് പറഞ്ഞു.
രഞ്ജിത് കുമ്പിടിയുമായി ഇൻസ്റ്റഗ്രാം വഴി വേടൻ സൗഹൃദം പുലർത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്റെ അമ്മയും ശ്രീലങ്കൻ വംശജയായതിനാൽ ആ നിലയ്ക്കുളള സൗഹൃദവും ഇരുവർക്കുമിടയിൽ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തൽ. പുലിപ്പല്ല് സമ്മാനമായി കിട്ടിയതാണെന്നും ഇത് യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലെന്നുമുളള വാദമാണ് കോടതിയിലും വേടൻ ഉയർത്തിയത്. പുലിപ്പല്ലിന്റെ ശാസ്ത്രീയ പരിശോധന നടന്നില്ലെന്ന വാദവും ഉയർത്തി. കഞ്ചാവ് ഉപയോഗം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു സമ്മതിക്കുകയും ചെയ്തു.

കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് പൂർത്തിയാക്കി. തൃശൂരിലെ ജ്വല്ലറിയിൽ നാളെ എത്തിക്കും. അതേസമയം വേടൻ വെളളിയിൽ പൊതിയാനായി കൊണ്ടു വന്നത് പുലിപ്പല്ലാണെന്ന് അറിയില്ലെന്നായിരുന്നു തൃശൂരിലെ ജ്വല്ലറി ഉടമയുടെ പ്രതികരണം.
വേടന് പുലിപ്പല്ല് മാല സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാൻ ഇതുവരെ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ വേടനും സംഘത്തിനും കഞ്ചാവ് നൽകിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. വേടനും മറ്റൊരു റാപ്പറായ ഗബ്രിയെന്ന കെ.ഡബ്ലു.വിഷ്ണുവുമടക്കം 9 പേരെയാണ് ഇന്നലെ കഞ്ചാവുമായി പൊലീസ് ഫ്‌ളാറ്റിൽ നിന്ന് പിടികൂടിയത്. ഇതിനിടെ വേടൻ അനുകൂല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നേരിയ അളവിൽ കഞ്ചാവ് പിടിച്ചതിന്റെ പേരിൽ വേദികളിൽ വേടൻ ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ റദ്ദാക്കാനുളള ആസൂത്രിത ശ്രമം നടക്കുന്നെന്നാണ് വേടൻ അനുകൂലികളുടെ വാദം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments