ജെയിംസ് കൂടൽ
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉദ്ഘാടനം ചെയ്തതോടെ പദ്ധതി ആരുടെ കുഞ്ഞ് എന്ന വിവാദം മുറുകുകയാണ്. പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷൻ ചെയ്തപ്പോൾ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി പദ്ധതിക്ക് തറക്കല്ലിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തഴഞ്ഞതിന് നാടും ചരിത്രവും മാപ്പ് നൽകില്ല. എല്ലാവരും ഒത്തു ചേരുമ്പോഴാണ് നാടിന്റെ വികസനം പൂർണമാകുന്നത്. രാഷ്ട്രീയമെന്തായാലും വികസന കാര്യത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോയാൽ വൻ പുരോഗതി ഉറപ്പാണെന്നതിന്റെ സൂചനയാണ് വിഴിഞ്ഞം തുറമുഖം. പദ്ധതി ഉദ്ഘാടനം ചെയ്തപ്പോൾ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അവഗണിക്കുകയും ചെയ്തതിന് ഒരു ന്യായീകരണവുമില്ല.
വിഴിഞ്ഞം പദ്ധതി നടപ്പായതിന് നന്ദി പറയേണ്ടത് ഉമ്മൻ ചാണ്ടിയോടാണ്. 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ അദാനി പോർട്സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോണിന്റെ ടെൻഡർ സ്വീകരിച്ചതോടെയാണ് വിഴിഞ്ഞം പദ്ധതി ചർച്ചയായത്. തുടർന്ന് പദ്ധതി നടപ്പായാലുള്ള പാരിസ്ഥിതിക ആഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2015ൽ കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അനുമതി നേടിയെടുത്തതും ഉമ്മൻ ചാണ്ടി സർക്കാരാണ്. ആ വർഷം തന്നെ അദാനി പോർട്സ് സമർപ്പിച്ച ബിഡ് അംഗീകരിച്ചു. 7250 കോടി ചെലവാണ് പദ്ധതിക്ക് കണക്കാക്കിയത്. അന്ന് പ്രതിപക്ഷം പദ്ധതിക്കെതിരെ രംഗത്തുവന്നു. വിഴിഞ്ഞം പദ്ധതിയെ യു.ഡി. എഫ് സർക്കാരിന്റെ പിഴിഞ്ഞം പദ്ധതി എന്നു പരിഹസിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വി. എസ് അച്യുതാനന്ദനായിരുന്നു. അന്ന് സി.പി. എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പദ്ധതി ആറായിരം കോടിയുടെ കുംഭകോണമാണെന്ന് ആരോപിച്ചു. എന്തു വില കൊടുത്തും പദ്ധതി തടയുമെന്നും പ്രഖ്യാപിച്ചു. ഇതോടെ പദ്ധതി സംബന്ധിച്ച് കരാറുകളെല്ലാം സുതാര്യമാക്കി ഉമ്മൻ ചാണ്ടി സർക്കാർ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. പദ്ധതിയുടെ പ്രാധാന്യവും കേരളത്തിന് ഉണ്ടാകുന്ന നേട്ടവും ബോദ്ധ്യപ്പെടുത്താൻ സർവകക്ഷി യോഗവും വിളിച്ചു. 2015 ഡിസംബർ അഞ്ചിന് പദ്ധതിക്ക് ഉമ്മൻചാണ്ടി തറക്കല്ലിട്ടു.
സംസ്ഥാനത്തിന് വൻ നേട്ടമാകുന്ന പദ്ധതിക്ക് അടിത്തറയൊരുക്കിയത് ഉമ്മൻചാണ്ടിയാണെന്ന് ഇതിൽ നിന്നു വ്യക്തമാണ്. വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറഞ്ഞ മന്ത്രി വി. എൻ. വാസവനോ അദ്ധ്യക്ഷ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനോ പദ്ധതിക്ക് തുടക്കമിട്ട ആളെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ പേര് പറയാമായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ സ്മരിച്ചില്ലെന്നു മാത്രമല്ല, പ്രതിപക്ഷത്തെ അവഹേളിക്കുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത്. പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കുക പോലും ഉണ്ടായില്ല. അത് വിവാദമായപ്പോഴാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചുകൊണ്ട് കത്തയച്ചത്. അങ്ങനെയൊരു സാഹചര്യത്തിൽ വി.ഡി സതീശൻ പങ്കെടുക്കാതിരുന്നത് ഉചിതമായി.
വിഴിഞ്ഞം വലിയ വികസന പദ്ധതിയാണ്. അതിൽ രാഷ്ട്രീയം കലർത്തിയ സർക്കാർ നിലപാടിൽ പരക്കെ പ്രതിഷേധമുണ്ട്. യു.ഡി. എഫ് തുടങ്ങി വച്ച പദ്ധതി സമരം ചെയ്ത് അട്ടിമറിക്കുകയും പിന്നീട് അത് തങ്ങളുടെ പദ്ധതിയാക്കി പിതൃത്വം ഏറ്റെടുക്കുന്നത് സി.പി. എമ്മിന്റെ പതിവ് ശൈലിയാണ്. ഉദ്ഘാടനത്തിൽ സംസ്ഥാന മന്ത്രി വി. എൻ. വാസവനും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തിയത് പരിപാടിയുടെ ശോഭ കെടുത്തി.



