ഇസ്രയേലിനെ നടുക്കി രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നായ ബെൻ ഗുരിയോണിന് നേർക്ക് ഹൂതി ആക്രമണം. യെമനിൽ നിന്നാണ് ആക്രമണമുണ്ടായതെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടുണ്ട്. അൽപം മുമ്പ് സർവീസുകൾ പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.



