ഇസ്‌ലാമാബാദ് : ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ. പാക്ക് വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ത്യൻ ഉൽപന്നങ്ങൾ സമുദ്ര, കര, വ്യോമ മാർഗമോ മൂന്നാമതൊരു രാജ്യം വഴിയോ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു.
മറ്റേതെങ്കിലും രാജ്യത്തിൽനിന്നുള്ള ഉൽപന്നങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ മറ്റേതെങ്കിലും രാജ്യത്തേക്ക് പാക്കിസ്ഥാൻ വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ദേശസുരക്ഷയും പൊതുതാൽപര്യവും അനുസരിച്ചാണ് നീക്കമെന്നും ഉത്തരവിലുണ്ട്. പാക്കിസ്ഥാനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു.



