Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'കെ. സുധാകരന്റെ വീര്യം കെടുത്തരുത്', ജെയിംസ് കൂടൽ എഴുതുന്നു

‘കെ. സുധാകരന്റെ വീര്യം കെടുത്തരുത്’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

പിണറായി ഭരണം കണ്ടുമടുത്ത കേരളത്തിലെ ജനങ്ങൾ എത്രയും വേഗം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായി ഭരണത്തിന് ചുട്ട അടി നൽകാനുള്ള ഒരുക്കത്തിലാണ് വോട്ടർമാർ. പകരം ആര് എന്ന ചിന്തയ്ക്ക് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് എന്ന ഒറ്റ മറുപടിയേ ഉള്ളൂ. അതിന് കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകണം. തിരഞ്ഞെടുപ്പ് നടന്നാൽ വൻ തിരിച്ചടി നേരിടുമെന്ന ഭയം പിണറായിക്കും സി.പി.എമ്മിനുമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിൽ നേതാക്കളുടെ കൂട്ടയടി എന്ന പ്രതീതി സൃഷ്ടിക്കാൻ സി.പി.എം നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിനാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റുന്നു എന്ന പ്രചരണം നടത്തുന്നത്.

സി.പി എമ്മിനു വേണ്ടി പണിയെടുക്കുന്ന ചാനൽ മുതലാളിമാരെയും മാദ്ധ്യമ പ്രവർത്തകരെയും ഉപയോഗിച്ചാണ് കെ.സുധാകരനെ താറടിക്കുന്നത്. ഇതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താനാവില്ല. സി.പി.എമ്മിന്റെ ഗുണ്ടായിസത്തെ നെഞ്ചുവിരിച്ച് നേരിട്ടയാളാണ് സുധാകരൻ. അടുത്ത കാലത്ത് കേരളത്തിലെ ഏറ്റവും ജനകീയനായ കെ.പി.സി സി പ്രസിഡന്റാണ് കെ.സുധാകരൻ.
കോൺഗ്രസ് പ്രവർത്തകർക്ക് അദ്ദേഹം ഊർജവും ആവേശവുമാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർത്ത് സുധാകരനെ മാനസികമായി തളർത്തുകയും കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കുകയുമാണ് പിണറായി വിജയന്റെ ലക്ഷ്യം. അതിന് കോൺഗ്രസിലെ ചില ഗ്രൂപ്പ് തലവൻമാർ കുടപിടിക്കുന്നുണ്ട്. അത് തീക്കളിയാണെന്ന് ഗൂഢാലോചനക്കാർ മനസിലാക്കണം. കോൺഗ്രസിനെ തളർത്തി ബി.ജെ.പിയെ വളർത്തി കൊണ്ടുവരാനാണ് പിണറായിയുടെ ഗൂഢ ശ്രമം. അതിന്റെ തെളിവാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയിൽ കണ്ടത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ ഉദ്ഘാടന വേദിയിൽ കയറിയിരുന്ന് ബി.ജെ.പിയുടെ മുദ്രാവാക്യം വിളിച്ചപ്പോൾ സദസിൽ കാഴ്ചക്കാരായി ഇരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രിമാരും. പദ്ധതിക്ക് തറക്കല്ലിട്ട ഉമ്മൻ ചാണ്ടിയെ മറന്ന് തുറമുഖത്തിന്റെ ക്രെഡിറ്റ് സി.പി.എമ്മും ബി.ജെ.പിയും പങ്കിട്ടെടുക്കുന്ന നാണംകെട്ട കാഴ്ചയും കണ്ടു.
കെ. സുധാകരനെ ആക്രമിക്കുന്ന വാർത്താ ചാനലുകൾ സീതാറാം യെച്ചൂരി മരിച്ച ശേഷം ദീർഘനാൾ സി.പി.എമ്മിന് ജനറൽ സെക്രട്ടറി ഇല്ലാതിരുന്നപ്പോൾ മിണ്ടിയില്ല. എം.എ ബേബി ജനറൽ സെക്രട്ടറിയാകുന്നതിനെതിരെ പിണറായി അടക്കമുള്ള ഉന്നതൻമാരായ സഖാക്കൾ നടത്തിയ ചരടുവലികൾ തമസ്‌ക്കരിച്ചു.

കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കെ. സുധാകരൻ മാത്രം വിചാരിച്ചാൽ നടപ്പുള്ള കാര്യമല്ല. കൂടെ നിൽക്കാൻ നേതാക്കളുണ്ടാകണം. കണ്ണൂരിൽ ചെങ്കോട്ടയെന്ന് അഹങ്കരിച്ച് വാളും വാരിക്കുന്തങ്ങളുമായി ആക്രോശിച്ച് നടന്നവർക്ക് നടുവിലൂടെ കോൺഗ്രസിന്റെ ത്രിവർണ പതാക ഉയർത്തിപ്പിച്ച് ചങ്കുറപ്പ് കാട്ടിയ നേതാവാണ് സുധാകരൻ. ഗ്രൂപ്പ് കളികളില്ലാതെ നേതാക്കളും അണികളും അദ്ദേഹത്തിനൊപ്പം അടിയുറച്ചു നിന്നു. അടിമകളായല്ല, സഹോദരങ്ങളായാണ് സുധാകരൻ സഹപ്രവർത്തകരെ കാണുന്നത്. ആണികളെയും ഒപ്പം നടന്ന സഖാക്കെയും അടിച്ചമർത്തിയും ഭീഷണിപ്പെടുത്തിയുമാണ് പിണറായി വളർന്നത്. ഏറ്റവും ഒടുവിൽ സി.പി.എം സംസ്ഥാന സെക്രട്ടറയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ പി.കെ. ശ്രീമതയോടും കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞു. ഇതുകേട്ട് പഞ്ചപുച്ഛമടക്കി ഇരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. സി.പി. എമ്മിനെയും സർക്കാരിനെയും തന്റേയും കുടുംബത്തിന്റെയും സ്വത്തുപോലെയാക്കിയ പിണറായിക്ക് കോൺഗ്രസ് തകരുകയും ബി.ജെ.പി വളരുകയും ചെയ്‌തെങ്കിൽ മാത്രമേ നിലനിൽപ്പുള്ളൂ. അത്തരം കുതന്ത്രങ്ങൾക്ക് കോൺഗ്രസ് ഇരയാകണോ എന്ന് നേതാക്കൾ ചിന്തിക്കണം. നേതാക്കൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ കോൺഗ്രസിന് മുന്നേറാൻ സാധിക്കൂ. അണികൾക്ക് ഇപ്പോൾ ഗ്രൂപ്പില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments