കൊളംബിയ: പ്രധാന ലൈബ്രറിയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ 65 ലധികം വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല. ബർണാഡ് കോളജ് ഉൾപ്പെടെ അനുബന്ധ സ്ഥാപനങ്ങളിലെ 33 വിദ്യാർഥികളെ കാമ്പസിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി പൂർവ വിദ്യാർഥികളെയും സർവകലാശാല വിലക്കിയതായി വക്താവ് അറിയിച്ചു.
കൊളംബിയ വെബ്സൈറ്റ് പ്രകാരം, സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് കാമ്പസിൽ പ്രവേശിക്കാനോ ക്ലാസുകളിൽ പങ്കെടുക്കാനോ മറ്റ് സർവകലാശാല പ്രവർത്തനങ്ങളിലേർപ്പെടാനോ കഴിയില്ല. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ അച്ചടക്ക നടപടികൾ എത്ര കാലം നിലനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്ന് സർവകലാശാല അറിയിച്ചു.



