ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തങ്ങൾക്ക് ലഭിച്ച ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്നും രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയി എന്നും ഇന്ത്യൻ എയർഫോഴ്സ്. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് വായുസേന ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ ഇപ്പോഴും തുടരുന്ന സാഹചര്യമായതിനാൽ ഊഹാപോഹങ്ങൾക്ക് പുറകെ പോകരുത് എന്നും സൈനിക നടപടിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങൾ മാധ്യമങ്ങൾ നൽകരുത് എന്നും വായുസേന ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ഡല്‍ഹിയിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങൾ അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംയുക്തസേനാ മേധാവിയും മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. ഇന്ത്യ-പാക് DGMO തല ചർച്ച നാളെയാണ് നടക്കുക.



